Friday, April 22, 2011

ജമാഅത്തിനെ എന്തിന് വിമര്‍ശിക്കണം?

എന്താണ് ജമാഅത്തെ ഇസ്‌ലാമി? എന്താണ് ഈ സംഘം മാത്രം ഇത്രമാത്രം രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും? ജമാഅത്തെ ഇസ്‌ലാമി എന്നതിന്റെ അര്‍ഥം ഇസ്‌ലാമികസംഘം എന്നാണ്. ആ സംഘത്തിന്റെ ആദര്‍ശം "ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ്' എന്നതാണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല എന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഉള്ളതാണ് അതിന്റെ ആദര്‍ശം.
 

ഈ സംഘത്തിന്റെ ലക്ഷ്യം അല്ലാഹുവിന്റെ ദീന്‍ സ്ഥാപിക്കുക എന്നതാണ്. ജീവിതത്തിന്റെ എല്ലാ ഭാഗത്തും തങ്ങളുടെ സ്രഷ്ടാവ് പറഞ്ഞിട്ടുള്ള നിയമങ്ങള്‍ നടപ്പാക്കുക എന്നതാണ് ഇതിന്റെ ആശയം. ഏത് ദൈവവിശ്വാസിക്കും ഉള്‍ക്കൊള്ളാവുന്നതും അംഗീകരിക്കാവുന്നതുമായ ഒരാശയമാണ് ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യമായി അംഗീകരിച്ചിരിക്കുന്നത്. എല്ലാ പ്രവാചകന്മാരും ഈ ഭൂമിയിലേക്ക് വന്നത് ഈ ധര്‍മം സ്ഥാപിക്കാനാണ്, യാതൊരു സംശയവുമില്ല. എല്ലാ ഗ്രന്ഥങ്ങളുടെയും അന്തസത്ത സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് ഈ യാഥാര്‍ഥ്യം കണ്ടെത്താനാകും. ഓരോ കാലഘട്ടത്തിലും മനുഷ്യര്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരവുമായാണ് പ്രവാചകന്മാര്‍ വന്നത്. അവരുടെയും കൂടെ വിശ്വസിച്ചവരുടെയും ജീവിതദൗത്യം തന്നെ അതായിരുന്നു. ഇതേ പ്രകാരം തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തിനാവശ്യമായ, സ്ഥലത്തിനാവശ്യമായ നിയമപദ്ധതികള്‍ ഖുര്‍ആനിലും ഹദീസിലും ഊന്നിനിന്നുകൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘമാണ് ഇസ്‌ലാമികപ്രസ്ഥാനം. പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയുടേതിന് സമാനമായ മറ്റൊരു സംഘമാണ്. ഈ പ്രസ്ഥാനങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായി ഇടപെടുന്നു എന്നിടത്താണ് അതിനോടുള്ള ശത്രുത ഉടലെടുക്കുന്നത്. സ്വാര്‍ഥതാല്‍പര്യക്കാരും അതിന്റെ പിണിയാളുകളും ഇത്തരം പ്രസ്ഥാനങ്ങളെ പരിഹസിക്കുന്നതിന്റെ യുക്തി നമുക്ക് മനസ്സിലാക്കാം. എന്നാല്‍, മതമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ എന്തിന്റെ പേരിലാണ് ഈ പ്രസ്ഥാനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. മനുഷ്യനു മാത്രമല്ല, മണ്ണിനും വിണ്ണിനും സസ്യ-ജന്തുജാലകങ്ങള്‍ക്കു പോലും നീതിയും ധര്‍മ്മവും ലഭിക്കുന്നതാണ് ഇസ്‌ലാമിക വ്യവസ്ഥിതി. എന്നിട്ടും, അതിന്റെ സംസ്ഥാപനത്തിന് ശ്രമിക്കുന്നവരെ പരിഹസിക്കുന്നു! എന്തൊരു വിരോധാഭാസമാണ്.

പക്ഷേ, ഒരുകാര്യം എല്ലാവരും മനസ്സിലാക്കണം. ഇസ്‌ലാം എന്ന ജീവിതവ്യവസ്ഥ ദൈവം തന്റെ അടിമകള്‍ക്ക് നല്‍കിയ പ്രകാശമാണ്. അതിനെ ആര്‍ക്കും ഊതിക്കെടുത്താനാകില്ല. വെറും വ്യാമോഹമാണ്. നാം ആ പ്രകാശത്തെ കൂടുതല്‍ ജ്വലിപ്പിക്കുന്നവരാവുക. സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

Wednesday, April 13, 2011

ഇസ്‌ലാമികപ്രസ്ഥാനത്തോട് രണ്ടുവാക്ക്

ഇസ്‌ലാമികപ്രസ്ഥാനത്തോട് എന്തൊക്കെയോ പറയാന്‍ മനസ്സ് മന്ത്രിക്കുന്നു.

നമുക്കെന്ത് നഷ്ടം വന്നാലും നമ്മുടെ തര്‍ബിയത്ത് നഷ്ടപ്പെട്ടുകൂടാ. ലോകത്ത് ഏതു പാര്‍ട്ടി മാറിയാലും ജമാഅത്ത് മാറരുത്. കോലംകെട്ടരുത്. വാക്കിലും പ്രവൃത്തിയിലും ഔന്നത്യം കാത്തുസൂക്ഷിക്കണം. അതില്‍ അഭിമാനം കൊള്ളണം. വിലകുറഞ്ഞ ഒരേര്‍പ്പാടിനും പോകരുത്. കാരണം, നമ്മള്‍ റബ്ബിന്റെ ദീനിന്റെ വാഹകരും അതിന്റെ സംസ്ഥാപനത്തിനുവേണ്ടി മുന്നോട്ടു വന്നിട്ടുള്ളവരുമാണ്. ഇപ്പോള്‍ നമുക്ക് ഏസി റൂമും വാഹനവും ഉണ്ടായേക്കാം. നമ്മുടെ മനസ്സുകള്‍ ആ തണുപ്പില്‍ വീര്യം നഷ്ടപ്പെട്ടുപോകുന്നവയാവരുത്. നമ്മുടെ പൂര്‍വികരെ നാം നന്ദിയോടെയും കണ്ണുനീരോടെയും ഓര്‍ക്കേണ്ടതുണ്ട്. 

യഥാര്‍ഥ ദീനുല്‍ ഇസ്‌ലാം മറയപ്പെട്ടപ്പോള്‍, എന്ത് ത്യാഗം സഹിച്ചും അതിനെ പുനഃസ്ഥാപിക്കാന്‍ മുന്നോട്ടു വന്നവരാണവര്‍. ജി.ഐ.ഒയുടെ സംഘാടനകാലത്ത് ബഹുമാന്യനായ ഞങ്ങളുടെ കൊണ്ടോട്ടി അബ്ദുറഹ്മാന്‍ സാഹിബ് ഞങ്ങളോട് ഉപദേശിച്ച ചില വാക്കുകള്‍ ഇപ്പോഴും കര്‍ണപുടങ്ങളില്‍ മുഴങ്ങുന്നു - "നിങ്ങളിനി കണ്‍മഷിയും പൗഡറും ഇടീക്കേണ്ടത് ജി.ഐ.ഒയെയാണ്. അതുപോലെ പ്രസ്ഥാനം വികസിക്കും. അന്ന് നിങ്ങള്‍ തര്‍ബിയത്ത് നഷ്ടം വരാതെ, കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കണം'' - ഇന്നും കണ്ണുനീരോടെ ഞങ്ങള്‍ ഓര്‍ക്കുകയാണ് ആ മഹാന്റെ വാക്കുകള്‍. ജമാഅത്ത് ഭരണഘടനയുടെ ഓരോ വരികളും അദ്ദേഹം എത്ര ഹൃദ്യമായാണ് ഞങ്ങളെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് എത്ര കുലുങ്ങിയാലും ജമാഅത്തെ ഇസ്‌ലാമിയാണ് ശരിയായ വഴി എന്നുറച്ചു വിശ്വസിച്ച് മുന്നോട്ടു നീങ്ങുന്നത്.

ഈയിടെ കണ്ട ചില തര്‍ബിയത്ത് ശൂന്യമായ സംഭവങ്ങള്‍ നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടതുണ്ട്. ഒരു ബുദ്ധിജീവി ഈയിടെ ജമാഅത്ത് നേതാക്കളോട് പറയാനായി എന്നോടൊരു കാര്യം ഉപദേശിക്കുകയുണ്ടായി - ""ഇനി ജമാഅത്തിന് നേരിടേണ്ടിവരുന്ന പരീക്ഷണം കോലം മാറിവരുന്ന ആള്‍മാറാട്ടക്കാരായിരിക്കും. അതുകൊണ്ട് മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ നന്നായി ആലോചിച്ചതിനുശേഷം മാത്രം കൊടുക്കുക.''

എല്ലാ പ്രസ്ഥാനങ്ങളിലും കാലാകാലങ്ങളില്‍ നവീകരണം നടക്കും. നമുക്ക് നവീകരണം നടക്കേണ്ടത് ഖുര്‍ആനിലും സുന്നത്തിലും മുറുകെപ്പിടിച്ചുകൊണ്ടുള്ള നവീകരണമാണ്. നബി (സ) പറഞ്ഞില്ലേ, എന്റെ ഉമ്മത്തിന് ധനമുണ്ടാകുന്നതിനെ ഞാനേറെ ഭയപ്പെടുന്നു എന്ന്. തീര്‍ച്ചയായും ധനത്തിന്റെ പിന്നാലെ പായുന്ന മനസ്സുകള്‍ക്ക് ശരിയായ തര്‍ബിയത്ത് നേടാനാവില്ല. ധനത്തെ നമ്മുടെ അടിമയാക്കി നിര്‍ത്താന്‍ നമുക്ക് കഴിയണം. ഒരിക്കലും നമ്മള്‍ അതിന്റെ അടിമയാകരുത്. ഇഴകീറിത്തന്നെ നാം നമ്മുടെ സാമ്പത്തിക ഇടപാടുകളിലെ സത്യാസത്യങ്ങളെ വിലയിരുത്തണം. ബൈത്തുല്‍മാല്‍ കൊടുക്കുന്ന ധനം 100 ശതമാനം വിഹിതമാര്‍ഗത്തിലൂടെ തന്നെ ലഭിച്ചതാണെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ നമുക്കാവണം. പലിശ മാത്രമല്ല, അന്യായമായ ധനം. നാമറിയാതെ, നമ്മില്‍ നിന്നുണ്ടാകുന്ന വഞ്ചനകളിലൂടെ നമ്മുടെ കൈയില്‍ പണം വന്നേക്കാം. മനഃസാക്ഷിയെ ശുദ്ധീകരിക്കുക. ദൃശ്യത്തിലും അദൃശ്യത്തിലും റബ്ബിന്റെ സാന്നിധ്യം അനുഭവഭേദ്യമാക്കുക. എങ്കില്‍ നാം വഴിപിഴക്കില്ല.

നാഥാ, പ്രകാശം പരത്തുന്ന ഈ സംഘത്തിന് ലോകത്തിനു മുഴുവന്‍ പ്രകാശം കൊടുക്കാനുള്ള ഊര്‍ജം നീ പ്രദാനം ചെയ്യേണമേ. ആമീന്‍. ആമീന്‍.

വസ്സലാം...

Wednesday, April 6, 2011

ഖുര്‍ആനിലെ അദ്ഭുതങ്ങള്‍

ഖുര്‍ആനിലെ അദ്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. അത് ഓരോ കാലത്തിനെയും വെല്ലുവിളിച്ചുകൊണ്ട് മുന്നേറുകതന്നെ ചെയ്യും. കാരണം, അതവതരിച്ചത് ലോകരക്ഷിതാവായ അല്ലാഹുവില്‍നിന്നാണ്. ഒന്നുകൂടി തെളിയിച്ചു പറയട്ടെ, അല്ലാഹു ഉണ്ടെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഖുര്‍ആന്‍.

പ്രപഞ്ചം, ഖുര്‍ആന്‍, നമ്മുടെ മനസ്സ് - മൂന്നും അനന്തമാണ്. ഒപ്പം മൂന്നും പരസ്പരപൂരകവുമാണ്. മനസ്സിന്റെ ആഴം നമുക്ക് കാണാനാവില്ല. മറ്റാര്‍ക്കും കാണാനാവില്ല. പ്രപഞ്ചത്തിലേക്ക് കണ്ടോടിക്കൂ. അതിന് വല്ല അറ്റവും കാണുന്നുണ്ടോ? ഖുര്‍ആന്‍ നോക്കുക, ചിന്തിക്കുക. അതിനും ഇല്ല ഒരന്ത്യം. നാഥാ! എന്തൊരദ്ഭുതങ്ങളാണ്. നീ ഈ മൂന്നിലും നിറച്ചിട്ടുള്ളത്. അപ്പോള്‍, ഇതിന്റെയൊക്കെ നാഥനും നിയന്താവുമായ നീ ആരായിരിക്കും? അല്ലാഹുവിനെ സംബോധന ചെയ്യാന്‍ "നീ' എന്ന വാക്കൊക്കെ അപൂര്‍ണമാണ്. എന്തെങ്കിലും സംബോധന ചെയ്യണ്ടേ എന്നു കരുതി ആ വാക്ക് ഉപയോഗിക്കുകയാണ്.
 

എന്താണ് നമസ്കാരം? എല്ലാം തന്റെ സ്രഷ്ടാവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന ഉന്നതവും ഉദാത്തവുമായ ആരാധന. അതിന്റെ സമയ-സംഖ്യകളെപ്പറ്റി ഖുര്‍ആന്‍ വല്ല സൂചനകളും നല്‍കുന്നുണ്ടോ എന്ന് നോക്കാം. ഖുര്‍ആന്റെ ചില സൂക്തങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ നമസ്കാരവും 5 ഉം സുദൃഢമായ ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിയും. ഖുര്‍ആനില്‍ "അഖിമിസ്സ്വലാഹ്' - നീ നമസ്കാരം നിലനിര്‍ത്തുക എന്ന് അഞ്ചുതവണയാണ് പറഞ്ഞിട്ടുള്ളത്. നമസ്കാരങ്ങള്‍ എന്നര്‍ഥം വരുന്ന "സ്വലവാത്' എന്ന പദവും അഞ്ചുതവണ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഇനിയും നോക്കാം - ""നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക' എന്നര്‍ഥം വരുന്ന "അഖിമിസ്സ്വലാഹ്' എന്ന് 12 തവണ ഖുര്‍ആനില്‍ വന്നിരിക്കുന്നു. അഖിമിസ്സ്വലാഹ് 5 ഉം അഖീമുസ്സ്വലാഹ് 12 ഉം കൂടി 17 തവണ വന്നിരിക്കുന്നു. നോക്കൂ, 5 നേരങ്ങളിലായി നാം 17 റക്അത്താണ് നമസ്കരിക്കുന്നത്.

ഇനിയും ഉണ്ട് ചില കൗതുകങ്ങള്‍. സൂറഃ അല്‍ബഖറ 238-ാം സൂക്തം ഒന്ന് പരിശോധിക്കുക: "നിങ്ങള്‍ നമസ്കാരങ്ങളെ ശ്രദ്ധിക്കുക. പ്രത്യേകിച്ച് മധ്യനമസ്കാരത്തെ (അസ്ര്‍) നിങ്ങള്‍ അല്ലാഹുവിനുവേണ്ടി അടങ്ങിയൊതുങ്ങി നില്‍ക്കുക. (അഥവാ നമസ്കരിക്കുക). ഈ സൂക്തത്തെ നമുക്ക് മൂന്ന് ഖണ്ഡങ്ങളാക്കാം.
"ഹഫിളൂ അലസ്സ്വലാഹ്...'
"വസ്സ്വലാതുല്‍ വുസ്ഥാ...'
"വ ഖൂമൂ ലില്ലാഹി...'
ഇത് നമസ്കാരത്തെപ്പറ്റി കല്പിക്കുന്ന ഒരു സുപ്രധാന സൂക്തമാണ്. ഇതിലെ ആദ്യത്തെയും അവസാനത്തെയും വാക്കുകളെ ഒന്ന് പരിശോധിക്കുക. ഓരോന്നിലും 5 വീതം അക്ഷരങ്ങളാണുള്ളത്. ഒരിക്കലും ആ രണ്ടു വാക്കുകളും അങ്ങനെയല്ല സാധാരണ എഴുതാറ്. എന്നാല്‍, ഖുര്‍ആനില്‍ ഇങ്ങനെയാണ് എഴുതിക്കാണുന്നത് (റസ്മുല്‍ ഉസ്മാനി എഴുത്തുകള്‍ പരിശോധിക്കുക). ഇനി ഈ മൂന്ന് ഖണ്ഡങ്ങളിലെ ആദ്യത്തെയും അവസാനത്തെയും ഖണ്ഡങ്ങളുടെ അക്ഷരങ്ങള്‍ പരിശോധിക്കുക. 14 അക്ഷരങ്ങളാണെന്നു കാണാം. അതില്‍ "സ്വലാത്തി'ന് അലിഫ് ഇല്ലാതെയാണിവിടെ ഉള്ളത്. അലിഫ് ഉണ്ടായിരുന്നെങ്കില്‍ 15 ആകുമായിരുന്നു എണ്ണം. അപ്പോള്‍ 14 അക്ഷരങ്ങളിലായി മുമ്മൂന്ന് വാക്കുകള്‍ കൊണ്ട് "വസ്സ്വലാതുല്‍ വുസ്ഥാ' എന്നതിന്റെ അപ്പുറവും ഇപ്പുറവും ഭദ്രമാക്കപ്പെട്ടിരിക്കുന്നു. 14+3=17. ഒരു കാര്യം കൂടി - അഖീമുസ്സ്വലാത്' എന്ന വാചകം 12 തവണ ആവര്‍ത്തിക്കപ്പെട്ടതുമായി നമസ്കാരവുമായി വല്ല ബന്ധവും ഉണ്ടോ എന്ന് നോക്കാം. നബി (സ) പറയുകയുണ്ടായി. ""ഒരു ദിവസം ആരെങ്കിലും 12 റക്അത്ത് സുന്നത്ത് നമസ്കരിച്ചാല്‍ അവന് ഒരു ഭവനം സ്വര്‍ഗത്തില്‍ തയ്യാറാക്കപ്പെട്ടിരിക്കും.''
പറഞ്ഞുവരുന്നത്, മുതവാതിറായ ഹദീസുകളിലൂടെ ഫര്‍ദ് നമസ്കാരം 5 നേരമാണെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍, ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് 3 തവണ നമസ്കരിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ സംഖ്യാ അമാനുഷികതയിലൂടെ എന്തെങ്കിലും സൂചനകള്‍ നല്‍കുന്നുണ്ടോ എന്ന് ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ നടത്തിയ ഒരു സഞ്ചാരമാണിത്.


kaheel7 സൈറ്റിനോട് ഈ പഠനം കടപ്പെട്ടിരിക്കുന്നു. അബ്ദുദ്ദാഇം കഹീല്‍ എന്ന ആധുനിക ഖുര്‍ആന്‍ പണ്ഡിതനെപ്പറ്റി ഒരുപാട് പറയാനുണ്ട്. വൈകാതെ അദ്ദേഹത്തെ നമുക്ക് പരിചയപ്പെടാം. ഇന്‍ശാ അല്ലാഹ്...
ഖുര്‍ആന്‍ പഠിക്കുകയും ചിന്തിക്കുകയും ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്യുന്ന ഭാഗ്യവാന്മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ ആമീന്‍. ഖുര്‍ആനാകുന്ന ആഴക്കടലിലെ മുത്തും പവിഴവും വാരിയെടുത്ത് ആസ്വദിക്കുന്ന ഉന്നതരില്‍ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.


ഖുര്‍ആന്‍ അല്ലാഹു നമുക്കുവേണ്ടി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയാണ് എന്ന് ഹദീസില്‍ കാണാം.
"അല്‍ഖുര്‍ആനു മഅ്ദബത്തുല്ലാഹ്...'
ആ സദ്യയുണ്ണന്നവനാണ് ജീവിതത്തിലെ ഏറ്റവും ഭാഗ്യവാന്‍.
"ഖൈറുക്കും മന്‍ തഅല്ലമല്‍ ഖുര്‍ആന വ അല്ലമഹു' - ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവനാണ് നിങ്ങളില്‍ ഉത്തമന്‍.

വസ്സലാം,
സ്വന്തം സബിത