Wednesday, August 3, 2011

റമദാന്‍ ചിന്തകള്‍

അല്ലാഹുവേ, ഒരു റമദാനിനുകൂടി ഞങ്ങള്‍ക്ക് നീ ഭാഗ്യം തന്നിരിക്കുന്നു. പിശാചുകള്‍ ബന്ധിക്കപ്പെട്ടുകഴിഞ്ഞു. നമസ്‌കരിക്കണം, ഖുര്‍ആന്‍ വായിക്കണം. ഏതെല്ലാം മാര്‍ഗങ്ങളിലൂടെ നിന്നോടടുക്കണം. ആ വഴികളിലൂടെയെല്ലാം മുന്നേറണം. തമ്പുരാനേ, ഞങ്ങളൊരുപാട് പാപഭാരങ്ങളുമായാണ് നിന്റെ മുന്നില്‍ വന്നുനില്‍ക്കുന്നത്. ശ്രദ്ധ നഷ്ടപ്പെട്ട എത്ര നമസ്‌കാരങ്ങള്‍. നീ ചുരുട്ടിക്കൂട്ടി വലിച്ചെറിയരുത് കേട്ടോ. കഷ്ടപ്പാടുകള്‍ക്കും പ്രയാസങ്ങള്‍ക്കും അനാരോഗ്യത്തിനും ഇടയിലൂടെ നടത്തിയ ഇബാദത്തുകളാണ്. ദയവുചെയ്ത് നീ സ്വീകരിക്കണം. നീ സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളുടെ കാര്യം കഷ്ടമാണ്.

നിന്റെ ദീന്‍ ജനങ്ങള്‍ക്കെത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചോ? അറിയില്ല. രിയാഉകള്‍ വന്നുകൂടിയ എത്ര ക്ലാസ്സുകള്‍ ഉണ്ടാകും. പടച്ചവനേ, നിന്റെ പടിവാതില്‍ക്കല്‍ ഞങ്ങള്‍ വന്ന് കേഴുകയാണ്; പൊറുക്കലിനുവേണ്ടി. നീ പൊറുത്തില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ക്കാരുണ്ട് പൊറുക്കാന്‍. തമ്പുരാനേ, ഞങ്ങളുടെ കാലിടര്‍ച്ചകളില്‍ നീ താങ്ങാവണേ. പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞ് കുറേ ചെയ്തിട്ടുണ്ട്. ഇതില്‍ എത്രയെണ്ണം നീ സ്വീകരിച്ചുകാണും. എന്നിട്ടും ഞങ്ങള്‍ ഞെളിഞ്ഞുനടക്കുന്നു. നിന്റെ ഇഷ്ടക്കാരാണ് ഞങ്ങളെന്ന് കരുതിക്കൊണ്ട്. ഹൃദയം ശുദ്ധമായിരുന്നോ? നിന്റെ മാത്രം രിളാ ആയിരുന്നോ ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം തമ്പുരാനേ. ഉള്ളും പുറവും അറിയുന്ന നാഥാ, ഞങ്ങളെ നീ നിന്ദിക്കരുത്; അന്ത്യദിനത്തില്‍.

ഞങ്ങളേറെ ധര്‍മ്മം കൊടുത്തുകാണും. കറപുരളാത്ത വിശ്വാസം മാത്രമായിരുന്നോ ഞങ്ങളെക്കൊണ്ട് ധര്‍മ്മം കൊടുപ്പിച്ചത്. തമ്പുരാനേ, ലോകമാന്യം അതില്‍ വന്നിട്ടുണ്ടെങ്കില്‍ ഞങ്ങളുടെ കാര്യം കഷ്ടംതന്നെ.

എന്ത് ജീവിതം? യാന്ത്രികമായിപ്പോകുന്നുണ്ടോ നമ്മുടെ നോമ്പും റമദാനും നമസ്‌കാരങ്ങളും ജുമുഅകളും ഖുര്‍ആന്‍ ക്ലാസ്സുകളും ഹല്‍ഖാ യോഗങ്ങളും.

തമ്പുരാനേ, റമദാന്റെ തുടക്കത്തില്‍ തന്നെ ഞങ്ങളേറ്റുപറയുകയാണ്. നിന്റെ മുമ്പില്‍ വന്ന് കേഴുകയാണ്. പാപം കഴുകിത്തരണം. നിന്നെ കണ്ടുമുട്ടുമ്പോള്‍ പാപരഹിതരായി കണ്ടുമുട്ടുവാന്‍ നീ തുണയ്ക്കണേ.

ഉള്ളറിഞ്ഞ വിശ്വാസം കൊണ്ട് നീ ഞങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കണമേ. റമദാനിന്റെ ഗുണം കിട്ടാതെപോകുന്ന ഭാഗ്യദോഷികളില്‍ ഞങ്ങളെ നീ പെടുത്തരുത്. ഞങ്ങള്‍ക്കറിവ് വര്‍ധിപ്പിക്കണേ. ആമീന്‍.

വസ്സലാം.

5 comments:

  1. എന്റെയും പ്രാര്‍ത്ഥന.
    പുണ്യമാസം എലാവരിലും അനുഗ്രഹം ചൊരിയട്ടെ.
    റമദാന്‍ മുബാറക്

    ReplyDelete
  2. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍

    ReplyDelete
  3. സര്‍വ്വശക്തന്‍ നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.ആമീന്‍.

    ReplyDelete
  4. Aameen....iam sorry i dont have malayalam fonts in my lappy....but just to remind all my brothers n sisters that Allah has opened His treasury of forgiveness in this holy month of Ramadhan....and if we cannot extract the maximum out of it we are going to be the losers.....Lets reap the maximum from this month InshaAllah....do include me too in your honest prayers

    ReplyDelete