Sunday, June 10, 2012

ബീഹാറിന്റെ ദൈന്യമുഖം

മഹാനദിക്കരയിലെ ഗ്രാമത്തോട് മനമില്ലാ മനസ്സോടെ യാത്രപറഞ്ഞ് ഞങ്ങൾ മാൽഡാ ടൗണിനടുത്തുള്ള ഉസ്മാനിയ ഇസ്‌ലാമിക് സ്‌കൂളിലേക്ക് നീങ്ങി. പുതിയ സ്‌കൂളാണ്. അവിടെയാണ് ഞങ്ങൾക്ക് താമസം. പക്ഷേ, ചൂടുകൊണ്ട് യാതൊരു നിവൃത്തിയുമില്ല. ഫാനൊന്നും ഏശാത്ത ചൂട്. പോരെങ്കിൽ പുതിയ ബിൽഡിങ്ങിൽ വൈറ്റ്‌വാഷ് കഴിഞ്ഞതിന്റെ പൊടിയും. സ്‌കൂളിനുള്ളിൽ ഉറക്കം സാധ്യമല്ല എന്ന് മനസ്സ് പറഞ്ഞു. ആതിഥേയർ ഞങ്ങൾക്കുവേണ്ടി കോസടികളും വിരിപ്പും തലയണകളും ഏർപ്പാട് ചെയ്ത് വിരിച്ചിരുന്നു. സഹയാത്രികയായ ഹസീനയെയും കൂട്ടി പുറത്ത് ബെഞ്ചിട്ട് കിടക്കാൻ തീരുമാനിച്ചു. കുട്ടികളും സംഘത്തിലെ അധികപേരും ചൂട് സഹിക്കാനാവാതെ ബെഞ്ചിട്ട് പുറത്ത് കിടക്കാൻ തുടങ്ങിയിരുന്നു. വിശാലമായ മുറ്റമായതിനാൽ ഞാനും ഹസീനയും അവരിൽനിന്നൊക്കെ കുറേ മാറി നാല് ബെഞ്ച് കൂട്ടിയിട്ട് കിടന്നു. നല്ല സുഖശീതളമായ കാറ്റ്. നായ വരുമോ എന്ന പേടി ഉണ്ടായിരുന്നെങ്കിലും അത് തൽക്കാലം മറന്നു. എനിക്കാകെ ജീവികളിൽ പാമ്പിനെ മാത്രമേ വലിയ പേടിയുള്ളൂ. നായയെ പലരും പേടിക്കുന്നത് കാണുമ്പോൾ എന്തിനാണിങ്ങനെ പേടിക്കുന്നത് എന്ന് തോന്നാറുണ്ട്. ആകാശത്ത് ഇടക്കിടെ ഇടിമിന്നൽ ഉണ്ടായിരുന്നു.

ഒന്നുരണ്ട് മണിവരെ ഉറങ്ങിക്കാണും. പിന്നെ കൊതുകുശല്യം. അത് രൂക്ഷമായപ്പോൾ ഞങ്ങൾ റൂമിലേക്കുതന്നെ കയറിക്കിടന്നു. മൂന്നേമുക്കാലായപ്പോൾ എണീറ്റു. രണ്ട് ബസ്സുകളിലായി വെളുപ്പിനുതന്നെ മാൽഡാ ടൗൺ റെയിൽവേ സ്റ്റേഷനിലെത്തി. സ്‌കൂളുകളിൽ കിടന്ന രണ്ട് ദിവസവും രാത്രി നല്ല ഭക്ഷണമായിരുന്നു. കോഴിയും ആടുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ഉപ്പ് അതികഠിനം. കറി രസമുണ്ടെങ്കിലും ഉപ്പ് അതിനെ മടുപ്പിച്ചു.

മാൽഡാ ടൗൺ റെയിൽവേസ്റ്റേഷനിലെത്തിയപ്പോൾ ആദ്യം എതിരേറ്റത് ക്രിമിനലുകളുടെയും മയക്കുമരുന്നുപയോഗിക്കുന്നവരുടെയും ഫോട്ടോ സഹിതമുള്ള ലിസ്റ്റും 'സൂക്ഷിക്കണം' എന്ന ബോർഡും. ഉള്ളിലൊരു നൊമ്പരവും പ്രയാസവും തോന്നി. ഞാനടുത്തുചെന്ന് ലിസ്റ്റ് വായിച്ചുനോക്കി. മുസ്‌ലിം പ്രാതിനിധ്യം നന്നായുണ്ട്; ഹിന്ദു പ്രാതിനിധ്യവും. വഴിയിൽ മുഴുവൻ യാചകരും മറ്റും തലങ്ങും വിലങ്ങും കിടക്കുകയാണ്. ബാഗൊക്കെ നന്നായി സൂക്ഷിച്ചുകൊണ്ടാണ് നടന്നത്. നേരം വെളുക്കുന്നതേയുള്ളൂ. ട്രെയിൻ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് വരിക. അതിനാൽ പാലം കയറി അപ്പുറത്തേക്ക് കടക്കണം. എന്റെ ലഗേജ് കുട്ടികൾ എടുത്ത് കോണി കയറ്റി. സഹായികളായ ആ സഹയാത്രികരെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. യാത്രയിലുടനീളം ഈ അനുഭവമുണ്ടായി.


ട്രെയിൻ വരാറായിത്തുടങ്ങി. കോ-ഓർഡിനേറ്റർമാർ ഓരോ സംഘത്തിന്റെയും കോച്ച്‌നമ്പരും സീറ്റ്‌നമ്പരും പറഞ്ഞുതന്നു. ബീഹാറിലേക്കാണ് യാത്ര. ബീഹാറിലെ അരാറിയാ കോർട്ടിലേക്ക്. പോകുംമുമ്പ് നെറ്റിൽനിന്ന് ഞാൻ പോകുന്ന എല്ലാ ട്രെയിനുകളുടെ സമയവും നിർത്തുന്ന സ്റ്റേഷനുകളും മാപ്പും ശേഖരിച്ചിരുന്നു. അത് എല്ലാവർക്കും ഉപകാരപ്പെട്ടു. അല്ലെങ്കിൽ പോക്കിന് ഒരു സുഖം കാണില്ല. കൂറ കപ്പലിൽ കയറിയപോലെ എന്ന രീതിയിൽ യാത്രചെയ്യരുത്. ഇന്ത്യയുടെ ഏത് ഭാഗത്ത്, അല്ലെങ്കിൽ നമ്മുടെ നാട്ടിന്റെ ഏത് ദിശയിലാണ് നാമിപ്പോൾ എന്നൊക്കെ ഒരു ബോധം വേണ്ടേ? ഞങ്ങൾ കോണി കയറുമ്പോൾ ഇന്നലെ ഞങ്ങൾ കണ്ട പട്ടുനൂൽ വ്യവസായിയും വന്നിരുന്നു. അദ്ദേഹം ഈ വണ്ടിയിൽ ബീഹാറിന്റെ ബോർഡറായ ജോഗ്ബാനിയിലേക്കും അവിടെ നിന്ന് മൂപ്പരുടെ വ്യവസായകേന്ദ്രമായ കാഠ്മണ്ഡുവിലേക്കും പോവുകയാണ്. അദ്ദേഹം ഞങ്ങളുടെ സഹയാത്രികനായതിനാൽ വളരെ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ജമാഅത്ത് അംഗവും കൂടെയുണ്ടായിരുന്നു. അധ്യാപകനാണ്. കാഠ്മണ്ഡുവിൽ സന്ദർശനത്തിന് പോവുകയാണത്രെ! നമ്മുടെ ജമാഅത്ത് അംഗമായ വ്യവസായി ഞങ്ങളോടായി പറഞ്ഞു: നിങ്ങൾ ഇനി പോകുന്നത് ബീഹാറിലേക്കാണ്. ബാഗുകളും മറ്റും വളരെയധികം സൂക്ഷിക്കണം. ഉള്ളിലൊരു നേരിയ ഭയം തോന്നി, അദ്ദേഹത്തിന്റെ ഉപദേശം കേട്ടപ്പോൾ. പക്ഷേ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആർക്കും യാതൊരു പ്രശ്‌നവും ഉണ്ടായില്ല.

ഞങ്ങൾ എല്ലാവരും ട്രെയിനിൽ കയറി. ആ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ട ഒരു പെൺകുട്ടിയുടെയും അവളുടെ ഒക്കത്തുള്ള ഒരു കൊച്ചുകുഞ്ഞിന്റെയും ചിത്രം! ഇന്ത്യയുടെ ദുഃഖകരമായ മുഖം! ഞാനോർക്കുകയാണ്, മഹാനായ ഖലീഫ ഉമർ ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ആ പെൺകുട്ടി തന്റെ കുഞ്ഞ്കൂടെപ്പിറപ്പുമായി ഇങ്ങനെ ഭിക്ഷാടനം നടത്തുമായിരുന്നോ? വെറുതെയാണോ ഗാന്ധി തന്റെ കുപ്പായം ഉപേക്ഷിച്ച് കുറഞ്ഞ വസ്ത്രം സ്വീകരിച്ചത്. എന്നിട്ടും ഇന്നും സ്ഥിതിഗതികൾ ശോചനീയമാണ്. വൻ കുബേരന്മാരും ഇന്ത്യയിലുണ്ട്. ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന് പറയാൻ നമുക്കെന്തവകാശം? ഒരിക്കലും ഒറ്റ ജനതയല്ല, ഉറപ്പ്. കള്ളന്മാരായ രാഷ്ട്രീയക്കാർക്ക് എന്ത് മനഃസാക്ഷി? ഞാൻ പറയുന്നത് തെറ്റാണെങ്കിൽ തിരുത്താം. എനിക്ക് പൊട്ടിത്തെറിക്കാനാണ് തോന്നുന്നത്. എന്റെ ഇപ്പോഴത്തെ ചിന്ത -കുറച്ചു ദിവസമായി- ഈ സാധുക്കൾക്കുവേണ്ടി എനിക്കെന്ത് ചെയ്യാനാകും എന്നാണ്. ഫലസ്തീനിൽ പോയപ്പോൾ കരുതിയത് അവരാണ് ഏറ്റവും ദരിദ്രരെന്ന്. നമ്മുടെ കേരളത്തിലും ഹോസ്പിറ്റലുകളിലൊക്കെ പരമദരിദ്രരെ കാണാറുണ്ട്.

ഐ.ആർ.ഡബ്ല്യുക്കാരും മറ്റ് സന്നദ്ധ സംഘടനകളും പലതും ചെയ്യുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. അവയൊക്കെ വളരെ അപര്യാപ്തമാണ്. പടച്ചവൻ തന്നതെല്ലാം അവനുതന്നെ തിരിച്ചുകൊടുക്കണം. ധനവും ശരീരവും എല്ലാമെല്ലാം. കൊടുങ്ങല്ലൂർ ആശുപത്രിക്കടുത്ത് ആർ.എസ്.എസ്സുകാർ കഞ്ഞി കൊടുക്കുന്നതായി കേട്ടിട്ടുണ്ട്. എത്ര നല്ല മാതൃക! ആർ.എസ്.എസ്സിന് വർഗീയത ഉണ്ടെങ്കിലും ജാതി-മതഭേദമെന്യേ ആ കഞ്ഞി കുടിക്കുന്നവർ എന്തായാലും ഒരു നിമിഷം ചിന്തിക്കും. ആ കൊച്ചു പെൺകുട്ടിയും അതിന്റെ കൈയിലെ കുഞ്ഞും. അത്തരം ഒരുപാട് ദൃശ്യങ്ങൾ എല്ലായിടത്തും നാം കാണുന്നു. നമ്മെപ്പോലെ, നമ്മുടെ സഹോദരങ്ങളല്ലേ അവർ? പറഞ്ഞിട്ടെന്തു കാര്യം? നമ്മുൾ കുട്ടികളെ എത്രയാണ് ശ്രദ്ധിക്കുന്നത്? അതും മക്കൾതന്നെ. ചോരയും നീരും ഉള്ള മക്കൾ. ഒരു ജന്മം ലഭിച്ചിട്ട് പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് ജീവിക്കുന്നു - കാരുണ്യത്തിന്റെയും ആർദ്രതയുടെയും മനസ്സാണ് നാം അവർക്കുവേണ്ടി തയ്യാറാക്കേണ്ടത്. എന്തായാലും ഈ ഭരണാധികാരികൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. നവാഹന്തിലെ കുതിര കാലിടറി വീണാൽ താൻ ചോദ്യം ചെയ്യപ്പെടുമെന്ന് ഭയപ്പെട്ട ഉമറെവിടെ? അധികാര ദുഷ്പ്രഭുത്വത്തിന്റെ അടിമകളായി മാറിയ ഇന്നത്തെ ഭരണാധികാരികളെവിടെ?

ഉറക്കക്ഷീണം നന്നായുണ്ട്. പക്ഷേ, ഉറങ്ങിയാൽ മാൽഡ-അരാറിയ കാഴ്ചകൾ നഷ്ടമാകും. വളരെ കുറച്ചു മാത്രം വണ്ടിയിലിരുന്ന് ഉറങ്ങിയുള്ളൂ. പലരും ഉറങ്ങിപ്പോയി. ഞാനെന്നെ ബംഗാളിന്റെ താമരക്കുളങ്ങളിലേക്കും പ്രവിശാലമായ കൃഷിഭൂമികളിലേക്കും ഉണർത്തിക്കൊണ്ടിരുന്നു. കാരണം, ഉറക്കം പിന്നെയും ആകാം. ഈ കാഴ്ചകൾ നഷ്ടപ്പെട്ടുകൂടാ. അല്ലാന്റെ ഭൂമി കാണുന്ന സന്തോഷം. അതിൽ കാണുന്ന ചെറുതും വലുതുമായ ദൃശ്യങ്ങൾ ഖുർആനുമായി കൂട്ടിക്കുഴച്ച് അപഗ്രഥിക്കുകയാണ് എന്റെ ഇഷ്ടപ്പെട്ട കാര്യം. അതിനാൽ ഞാൻ ഉറങ്ങാതെ ട്രെയിനിൽ ഇടയ്ക്ക് നടന്നും ഇരുന്നും കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. അങ്ങനെ വണ്ടി അരാറിയയിലെത്തി. മാപ്പിൽ മാത്രം കണ്ട ബീഹാറിലെത്തിയിരിക്കുന്നു! മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. 

(തുടരും)

4 comments:

  1. ലളിതം,ഹൃദയസ്പൃക്കായ വിവരണം....നല്ല ചിത്രങ്ങളും...

    ReplyDelete
  2. mabrook..
    aa kochu kuttiyum athinte kayyile aa paithalum manassine vallathe aswasthamakkunnu..avarippo evideyayirikkum...ethenkilum theruvil. ?yaa allah..anghine ethrayethra janmanghal...oru nimishathe kazchayayi maranchu neenghunnu.....avarkku thanalekan ee bhoomiyil ethra karanghal undu..pakshe aarum muthirunnilla....ellavarum vilichu koovan kemanmar thanne....

    ReplyDelete
  3. ഹൃദ്യമായ അവതരണത്തിലൂടെ ഞങ്ങളെയും യാത്രയില്‍ പങ്കെടുപ്പിച്ച സബിതതക്ക് ഒരായിരം നന്ദി

    ReplyDelete
  4. ഞാനെന്നെ ബംഗാളിന്റെ താമരക്കുളങ്ങളിലേക്കും പ്രവിശാലമായ കൃഷിഭൂമികളിലേക്കും ഉണർത്തിക്കൊണ്ടിരുന്നു. ആത്മീയതയുടെ പാശ്ചാത്തലത്തില്‍ നല്ലൊരു യാത്രാനുഭവമാണ് പങ്കുവെച്ചത്....

    ReplyDelete