Friday, November 12, 2010

കണ്ണീരുപ്പില്‍ കുതിര്‍ന്ന ഒരു പുസ്തകം

'ആടുജീവിതം' വായിച്ചു. എന്താണാ കഥ? ഞാനിതുവരെ ഇത്രയ്ക്ക് ഉദ്വേഗജനകമായ ഒന്ന് വായിച്ചിട്ടില്ല. ഒരു സാഹിത്യകാരന്റെ ഏച്ചുകെട്ടലുകള്‍ അതില്‍ ഇല്ല എന്നത് സത്യമാണെങ്കില്‍, അതൊരു വല്ലാത്ത ജീവിതാനുഭവം തന്നെ. 'നബീല്‍' എന്ന് ആട്ടിന്‍കുട്ടിക്ക് പേരിട്ടു എന്ന ഭാഗം എന്നെ പൊട്ടിക്കരയിച്ചു. ആഗ്രയിലിരുന്നാണ് ഞാനിതെഴുതുന്നത്. ആ ഭാഗം വായിച്ചപ്പോള്‍ ഞാന്‍ റൂമില്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ നന്നായി കരഞ്ഞു. പക്ഷേ, ഇന്നലെ ആഗ്രയിലേക്കുള്ള ട്രെയിനിലിരുന്ന് ബാക്കി ഭാഗങ്ങള്‍ വായിച്ചപ്പോള്‍ കരച്ചില്‍ തൊണ്ടയിലിരുന്ന് വിങ്ങിപ്പോയി. എന്നാലും ആരും കാണാതെ അല്പം കരഞ്ഞു! നജീബ്ക്കാ എന്നു പറഞ്ഞ് ഭാര്യയുടെ മറുപടിഫോണും, നമ്മുടെ ഉമ്മ കഴിഞ്ഞ വര്‍ഷം പോയി എന്നതും കരയാതെ എങ്ങനെ വായിച്ചുകടത്തും?

എല്ലാവരും - മനസ്സിനുറപ്പുള്ളവര്‍ മാത്രം - വായിക്കേണ്ട ഒരു പുസ്തകമാണ് 'ആടുജീവിതം' - അല്ലാഹുവിന്റെ വിധി എന്ന സംഭവം ഏതൊരു ഇസ്‌ലാമിക സാഹിത്യം വായിക്കുന്നതിലും അധികം ഉറപ്പിച്ചുതരാന്‍ കഴിവുണ്ട് ആ പുസ്തകത്തിന്. അല്ലെങ്കില്‍, ഈ നജീബ് എങ്ങനെ നാട്ടില്‍ തിരിച്ചെത്തി? ഹക്കീം മണ്ണുതിന്ന് ശഹീദായി! ഇബ്‌റാഹി കാദിരി എവിടെപ്പോയി? അല്ലാഹു അഅ്‌ലം! ഇതൊക്കെ ഗ്രന്ഥകാരന്റെ പടച്ചുവിടലാണെങ്കില്‍ വായനക്കാര്‍ എന്നെ പരിഹസിക്കരുത്. നമുക്ക് ഈ ബുക്കിനെ സത്യമായ സത്യമായ ആഖ്യാനമായിത്തന്നെ കണക്കാക്കാം. ഒരുപാട് അറിവുകളും പാഠങ്ങളും പ്രാര്‍ഥനകളും 200 പേജുള്ള ഈ പുസ്തകം ഉള്ളിലൊതുക്കിയിരുന്നു. ആടിന്റെ കാലില്‍ ചുറ്റിയ പാമ്പിനെ -ഉഗ്രവിഷമുള്ള- തല്ലിക്കൊല്ലാന്‍ നജീബിനെ ആട്ടിന്‍കൂട്ടിലിട്ട് പൂട്ടിയ ആ അര്‍ബാബ്. പടച്ചവനേ, നിന്റെ കാരുണ്യത്തിന്റെ അല്പം പോലും ലഭിക്കാത്ത മനുഷ്യരും ഈ ദുന്‍യാവിലുണ്ടോ? കാരുണ്യനിധിയായിരുന്ന പ്രവാചകന്റെ പിന്‍തലമുറക്കാര്‍. ഇത്ര ക്രൂരമായിപ്പോയോ?

നജീബ് രക്ഷപ്പെട്ട്, ഹൈവേയിലെത്തിയപ്പോള്‍, കാറ് നിര്‍ത്തിക്കയറ്റി, വെള്ളം കൊടുത്ത അറബിയും കുഞ്ഞിക്കയും പ്രവാചകന്റെ പ്രിയപ്പെട്ട അനുയായികള്‍ തന്നെ. ഈ പുസ്തകത്തിലെ പല രംഗങ്ങളും ദൃശ്യാവിഷ്‌കരണം പോലെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ആയിരത്തോളം ഉള്ള പാമ്പിന്‍കൂട്ടത്തില്‍നിന്ന് നിലത്തമര്‍ന്നുകിടന്ന് രക്ഷപ്പെടുന്ന മൂവര്‍സംഘം! വെള്ളം കണ്ടിട്ട് ആര്‍ത്തിയോടെ ഓടുന്ന നജീബിനെ അതില്‍നിന്ന് സാഹസപ്പെട്ട് വലിച്ചുമാറ്റുന്ന ഖാദിരി. അവസാനം, തുണി നനച്ച്, നജീബിന്റെ ചുണ്ട് നനച്ചുകൊടുക്കുന്ന ഖാദിരി.

ഹക്കീം എന്ന കതാപാത്രം നമ്മെ വല്ലാതെ സങ്കടക്കയത്തില്‍പ്പെടുത്തും. പ്രിയപ്പെട്ട ഹക്കീമിനെ - മയ്യിത്തിനെ - വഴിയില്‍ ഉപേക്ഷിച്ചുപോരുന്ന നജീബ്. അവന്റെ ദാരുണമരണം ബെന്യാമിന്‍ -ഗ്രന്ഥകാരന്‍- വിവരിച്ചത് അല്പം കൂടിപ്പോയി. വായനക്കിടയില്‍ തോന്നിയ ഒരു കാര്യ; ഇത്രയ്ക്ക് കഠിനമായി വിവരിക്കണമായിരുന്നോ പല സംഭവങ്ങളും? അതാണ് ഞാനാദ്യമെഴുതിയത് - മനസ്സുറപ്പുള്ളവര്‍ വായിച്ചാല്‍ മതിയെന്ന്. വായന കഴിയുമ്പോള്‍ ട്രെയിന്‍ ആഗ്രയിലെത്തിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്കെന്നെത്തന്നെ പേടിയായി. എനിക്ക് വല്ല മാനസികം പിടിപെടുമോ എന്ന പേടി. നജീബ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒന്ന് കാണണം. ബെന്യാമിനെയും കാണണം.

അതെഴുതും മുമ്പ് അദ്ദേഹം അനുഭവിച്ച 'പ്രസവവേദന'യുടെ ആഴം എത്രയായിരിക്കും? എന്തായാലും നാം അവസാനം എത്തിച്ചേരുന്ന ചില അഭിപ്രായങ്ങളുണ്ട്. റബ്ബിന്റെ വിധി അലംഘനീയമാണ്. നാം എത്രകാലം, എത്ര മണിക്കൂര്‍, എത്ര മിനിറ്റ്, എന്തൊക്കെ, എങ്ങനെ അനുഭവിക്കണമെന്ന് അവന്റെ കിതാബിലുണ്ട്. അതിനെ മറികടക്കാന്‍ ഈ ലോകത്താര്‍ക്കും കഴിയില്ല. അവന്റെ നിശ്ചയത്തെ മാറ്റിമറിക്കാന്‍ ആരുമില്ല ഈ പ്രപഞ്ചത്തില്‍. അതൊരു വല്ലാത്ത ഉറപ്പാണ്. പിന്നെ, ഏത് പ്രതികൂലാവസ്ഥയിലും സത്യം ദയ കൈവിടരുത്. അല്ലെങ്കില്‍ മഴ കണ്ട് പേടിച്ച അര്‍ബാബിനെ കൊല്ലാന്‍ നജീബിന് കഴിയുമായിരുന്നു. ഒരു കാഞ്ചിവലിക്കേണ്ട താമസം മാത്രമുണ്ടായിരുന്നുള്ളൂ - അര്‍ബാബ് എങ്ങനെയെങ്കിലും നശിച്ചുപോട്ടെ എന്നായിരുന്നു വായനക്കിടയില്‍ എന്റെ പ്രാര്‍ഥന. കൊല്ലാതിരുന്ന നജീബിനോടൊപ്പം ദ്വേഷ്യം തോന്നു.

ഡല്‍ഹിയിലേക്ക് ട്രെയിന്‍ പുറപ്പെട്ടുകഴിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ വന്ന പുസ്തകക്കാരനില്‍ നിന്നാണ് ഞാന്‍ ഈ ബുക്ക് വാങ്ങിയത്. പല സഹയാത്രികരും വായിച്ചതിനുശേഷമാണ് എനിക്കത് കിട്ടിയത്. ബുക്കിനെപ്പറ്റി മുമ്പ് മാധ്യമത്തിലുണ്ടായിരുന്നു. ഇത്രക്കുണ്ടാകുമെന്ന് ബുക്ക് വാങ്ങിയപ്പോഴും കരുതിയിരുന്നില്ല.

ഗ്രന്ഥകാരന് പ്രത്യേക നന്ദി.

5 comments:

  1. aadu jeevitham pandu mailil vaayichirunnu...Enthoru ORIGINALITY UND athianalle..

    Gaddama enna bookum undo??

    ReplyDelete
  2. ആടുജീവിതം വായിക്കാന്‍ കഴിഞ്ഞിട്ടില്ല.. പലഭാഗങ്ങളില്‍ നിന്നായി അതിന്‍റെ വിവരണങ്ങള്‍ വായിച്ചിരുന്നു..

    പക്ഷെ ഈ വിവരണത്തില്‍ തന്നെ എന്‍റെ കണ്ണുകള്‍ ഒന്ന് ഈറനണിഞ്ഞു അതുകൊണ്ട് ഉറപ്പായും ആ പുസ്തകം വായിച്ചാല്‍ ഞാന്‍ പൊട്ടിക്കരയും..

    പല ജീവിതങ്ങളും നമ്മുടെ സങ്കൽപ്പത്തില്‍ നിന്നും ഒരുപാട് ദൂരയാണെന്ന് നമുക്ക് മനസ്സിലാവുക. ഇതുപോലുള്ള നല്ല വായനകളില്‍ നിന്നുമാണ്.

    ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് നാട്ടില്‍ നിന്നും വരുമ്പോള്‍ കൊണ്ട് വരാന്‍ .. അല്ലാ എങ്കില്‍ ഇന്‍ശാഅള്ളാ നാട്ടില്‍ വരുമ്പോള്‍ വായിക്കണം..
    നല്ല ഒരു വിവരണം നല്‍കിയതിനു.. സബിതറ്റീച്ചര്‍ക്ക് നന്ദി.

    ReplyDelete
  3. ഇവിടെ വന്നു നോക്കിയപ്പോഴാണ് ടീച്ചറിന്റെ യാത്രയെപ്പറ്റിയും വായനയെപ്പറ്റിയുമറിയുന്നത്. ഈ രണ്ടു കാര്യത്തിലും ഞാന്‍ വളരെ പിന്നിലാണ്. എന്തു ചെയ്യാം!. നിരൂപണം നന്നായിട്ടുണ്ട്. ആ പുസ്തകം വായിക്കാന്‍ താല്പര്യം തോന്നും ഈ ബ്ലോഗ് വായിക്കുന്നവര്‍ക്ക്. അഭിനന്ദനങ്ങള്‍!.

    ReplyDelete
  4. നല്ല നിരൂപണം .. "ആട് ജീവിതം" വായിക്കാന്‍ ഒരു പ്രജോദനം. "ഗദ്ദാമ" സിനിമ ആയി മാറുന്നു എന്ന് വായിച്ചിട്ടുണ്ട് . ശ്രിനിവാസന്‍ ആണ് അതില്‍ അഭിനയിക്കുന്നത് .

    ReplyDelete
  5. ഇതുപോലൊരു നോവല്‍ ഇനി വായിക്കാന്‍ കഴിയുമോ എന്തോ? ഒട്ടയിരുപ്പിലാണ് ഞാന്‍ അത് വായിച്ചു തീര്‍ത്തത്. മരുഭൂമിയുടെ കാഠിന്യം എഴുത്തില്‍ വരാന്‍ ബെനിയാമിന്‍ ദിവസങ്ങലോലോം പട്ടിണി കിടന്നു വെയില്‍ കൊണ്ടിട്ടുണ്ട് അതാണ്‌ ഇത്ര തീക്ഷ്ണത, ബെനിയമിന് അതിന്റെ പേരില്‍ അവസാനം ചികിത്സക്ക് വിടെയനകേണ്ടി വന്നു എന്നാണ് ബെന്യാമിന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞത്. നജീബിന്റെ അനുഭവത്തെ ശക്തമായി വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ബെന്യാമിന്‍ വിജയിച്ചിരിക്കുന്നു, പ്രവാസ ജീവിതത്തിന്റെ ചിത്രം തീര്‍ച്ചയായും പ്രവാസികളും അവരുടെ കുടുംബങ്ങളും അല്ല, കേരളീയര്‍ ഒന്നാകെ വായിക്കേണ്ട പുസ്തകം.

    ReplyDelete