Tuesday, December 21, 2010

സാമൂഹ്യതിന്മക്കെതിരെ പോരാടല്‍ മുസ്‌ലിമിന്റെ ബാധ്യത

(21.12.2010ന് Beyluxe ല്‍ എടുത്ത ക്ലാസ്സിന്റെ കുറിപ്പ്)
 

പ്രിയ സഹോദരങ്ങളേ, നമ്മുടെ ഇന്നത്തെ ചര്‍ച്ചാവിഷയം മതവും രാഷ്ട്രീയവും എന്നതാണല്ലോ. ഞാന്‍ ഈ വിഷയത്തില്‍ നോട്ട് തയ്യാറാക്കാന്‍ വേണ്ടി ഖുര്‍ആന്‍ എടുത്തുനോക്കി. ഞാന്‍ എന്ത് വിഷയത്തിനും ഖുര്‍ആനെയാണ് ആശ്രയിക്കുന്നത്. ഭാഗ്യവശാല്‍, ആദ്യം കിട്ടിയതുതന്നെ സൂറത്ത് ശുഅറാ ആയിരുന്നു. ആദ്യം ഹസ്രത്ത് മൂസാ (അ)യുടെ വിശദമായ കഥയാണ് അല്ലാഹു നമ്മോട് പറയുന്നത്. എന്തായിരുന്നു മൂസാ (അ)യുടെ ദൗത്യം? ഖുര്‍ആന്‍ തന്നെ പറയട്ടെ: 
فأتيا فرعون فقولا إن رسول ربّ العالمين، أن أرسل معنا بني اسرائيل

അവിടുന്നങ്ങോട്ട് ധാരാളം സംവാദങ്ങള്‍ നടക്കുന്നുണ്ട്. കഥ മുഴുമിപ്പിക്കുന്നത് ധിക്കാരിയായ ഫറോവയുടെ അന്ത്യവും മൂസ (അ) ബനൂ ഇസ്രാഈല്യരെ രക്ഷപ്പെടുത്തലും ആണ്. വീണ്ടും നമുക്ക് ഈ അധ്യായത്തിലൂടെ തന്നെ സഞ്ചരിക്കാം. മൂന്നര പേജുകളിലായാണ് ഖുര്‍ആന്‍ മൂസാ (അ)യുടെ സംഭവം വിവരിക്കുന്നത്. അടുത്തതായി ഹസ്രത്ത് ഇബ്‌റാഹിം (അ)യുടെ സംഭവമാണ് പറഞ്ഞുതരുന്നത്. വിഗ്രഹങ്ങളെ കൊത്തിയുണ്ടാക്കിയിരുന്ന ആ ജനതയോട്, യാതൊരു ഗുണവും ദോഷവും നല്‍കാത്ത, കേള്‍ക്കാത്ത, സംസാരിക്കാത്ത, ആ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ എന്തിനാണ് പൂജകള്‍ ചെയ്യുന്നത് എന്ന് ചോദിക്കുകയാണ്. എന്നിട്ട് അവരുടെ മുമ്പില്‍ കറകളഞ്ഞ ഏകദൈവ വിശ്വാസം സമര്‍പ്പിക്കുകയാണ്. എനിക്ക് ഭക്ഷണം തരുന്ന, വെള്ളം തരുന്ന, മാര്‍ഗദര്‍ശനം നല്‍കുന്ന, എന്നെ മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്ന, അന്ത്യദിനത്തില്‍ എന്റെ എല്ലാ തെറ്റുകളും പൊറുത്തുതരുന്ന ഒരു രക്ഷിതാവിനെ പരിചയപ്പെടുത്തുകയാണ്. അങ്ങനെ, അവര്‍ ഇബ്‌റാഹീമിനെ ചുട്ടുകൊല്ലാനായി ഉപയോഗിച്ച തീ പരലോകത്ത് അവരെ ശിക്ഷിക്കാനുപയോഗിക്കപ്പെടും എന്ന സൂചനയോടെ ആ വിഷയം അവസാനിപ്പിക്കുകയാണ്.

ഇനി നമുക്ക് 950 കൊല്ലം പ്രബോധനം ചെയ്ത നൂഹ് നബി (അ)യുടെ ജനതയുടെ ചരിത്രം. അവരുടെ സഹോദരന്‍ നൂഹ് പറഞ്ഞു: 'സുഹൃത്തുക്കളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടൊന്നും ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ എന്നെ അനുസരിക്കൂ എന്ന് പറഞ്ഞപ്പോള്‍ അവരുടെ മറുപടി രസകരമായിരുന്നു. ഞങ്ങള്‍ നിന്നെ പിന്‍പറ്റുകയോ? നിന്നെ അവശരും പീഡിതരും പിന്‍പറ്റിയിരിക്കെ. നൂഹ് (അ) അവരോട് ഗര്‍ജിച്ചു: എന്നെ വിശ്വസിച്ച, സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ വിശ്വസിച്ച ആ സാധുക്കളായ വിശ്വാസികളെ ഞാന്‍ ആട്ടിയോടിക്കുകയില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: 'നൂഹേ, നീ ഇതവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊല്ലും. നൂഹ് (അ) അപ്പോള്‍ റബ്ബിനോട് രക്ഷയ്ക്കുവേണ്ടി തേടുകയാണ്. അങ്ങനെ, അവര്‍ മുക്കിക്കൊല്ലപ്പെട്ടു. നൂഹും കൂട്ടുകാരും രക്ഷപ്പെട്ടു.

ഇനിയും ഖുര്‍ആന്‍ പറയുന്നു: 'ആദ് ഗോത്രം ദൂതന്മാരെ കളവാക്കി. ഹൂദ് (അ) ചോദിച്ചു: നിങ്ങള്‍ ഓരോ താഴ്‌വരയിലും തമാശയ്ക്കുവേണ്ടി കെട്ടിയുണ്ടാക്കുകയാണോ? നിങ്ങള്‍ക്ക് സ്ഥിരതാമസത്തിനുവേണ്ടി വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുകയാണല്ലോ. നിങ്ങളുടെ ഈ പൊങ്ങച്ചം അവസാനിപ്പിക്കുന്നില്ലെങ്കില്‍ ഭയാനകമായ ഒരു ശിക്ഷയെ ഞാന്‍ നിങ്ങളുടെ കാര്യത്തില്‍ ഭയപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: അവരെ നാം നശിപ്പിച്ചു.

ഇനിയും മുന്നോട്ടു പോയാല്‍, അതാ, സമൂദ് ഗോത്രം. അവരിലേക്കയക്കപ്പെട്ട സ്വാലിഹ് (അ). നിങ്ങളെന്തേ മല തുരന്ന് അഹങ്കാരത്തിനും പൊങ്ങച്ചത്തിനും വേണ്ടി ഈ ചെയ്തുകൂട്ടുന്നത്? അല്ലാഹുവിനെ ഭയപ്പെടുക. ധൂര്‍ത്തന്മാരുടെ വാക്കുകള്‍ അനുസരിക്കാതിരിക്കുക. ആ ജനതയ്ക്ക് വലിയൊരു പരീക്ഷണമായി ഒരൊട്ടകത്തെ അല്ലാഹു ഇറക്കുകയും, അവരുടെ പൊങ്ങച്ചവും അഹങ്കാരവും കാരണം അതിനെ കൊല്ലുകയും കഠിനമായ ശിക്ഷ അവരില്‍ പതിക്കുകയും ചെയ്തു.

സഹോദരങ്ങളേ, ഇനി ലൂത്ത് നബി (അ)യുടെ കാര്യമെടുക്കാം. സ്വവര്‍ഗരതിയില്‍ ആണ്ടുപോയ ഒരു ജനതയെ അവരുടെ തിന്മയില്‍നിന്ന് രക്ഷപ്പെടുത്താന്‍, അവരുടെ കൈയും കാലും പിടിച്ചപേക്ഷിക്കുന്ന, കേഴുന്ന ലൂത്ത് (അ). അവരില്‍നിന്ന് ഇതിനുവേണ്ടി ഒരു പിരിവും ആവശ്യപ്പെട്ടില്ല. അവര്‍ പറഞ്ഞു: നീ അവിടെ മിണ്ടാതിരുന്നോ. ഞങ്ങള്‍ ചെയ്യാനുള്ളതൊക്കെ ചെയ്യും. നീ അധികം കളിച്ചാല്‍, നിന്നെ ഞങ്ങള്‍ ഈ നാട്ടില്‍നിന്ന് പുറത്താക്കും. അദ്ദേഹം അപ്പോള്‍ പറഞ്ഞു: നിങ്ങളുടെ ഈ ദുഷിച്ച പ്രവര്‍ത്തനത്തെ ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു. അങ്ങനെ ഖുര്‍ആന്‍ പറയുന്നു. അവരെ അടിമീതെ മറിച്ച കല്‍മഴ കൊണ്ട് നശിപ്പിച്ചു. ദൃഷ്ടാന്തങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട്, പ്രവാചകന്മാരെ ധിക്കരിക്കുയും അവരെ വെല്ലുവിളിക്കുകയും ചെയ്ത ജനതതികള്‍ നശിപ്പിക്കപ്പെട്ടു.

ഇനി മഹാനായ ശുഐബ് നബി (അ). അളവിലും തൂക്കത്തിലും കൃത്രിമത്വം കാട്ടിയിരുന്ന ജനതയോട്, ജനങ്ങളോട് നീതിപൂര്‍വം പെരുമാറണമെന്ന് ഉദ്‌ബോധിപ്പിക്കുകയാണ്. പക്ഷേ, ആ ജനത പുച്ഛിച്ചുതള്ളുകയും ശിക്ഷയിറക്കിക്കോ എന്നാക്രോശിക്കുകയുമാണ്. അങ്ങനെ അവരെ മേഘം കൊണ്ട് മൂടപ്പെട്ട ശിക്ഷ പൊതിഞ്ഞു.

സഹോദരങ്ങളേ, എല്ലാ പ്രവാചകന്മാരും അവരവരുടെ കാലത്ത് നിലനിന്നിരുന്ന സാമൂഹ്യതിന്മക്കെതിരില്‍ ശക്തമായി പോരാടാനാണ് അയക്കപ്പെട്ടത്. പ്രവാചകന്‍ മുഹമ്മദ് നബി (അ)യും അക്കാര്യത്തില്‍ ഒഴിവല്ല. അന്യായവും അനീതിയും അവസാനിപ്പിക്കാന്‍, സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിന്, നല്ലൊരു സമൂഹസൃഷ്ടിക്ക് എല്ലാമായിരുന്നു മുഹമ്മദ് നബി(സ)യുടെ നിയോഗം.

ഈ സൂക്തങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ട് നമുക്ക് ഏതാനും ചില കാര്യങ്ങള്‍ ചിന്തിക്കാം - നാം പ്രവാചകന്മാരുടെ പിന്‍മറക്കാരാണെങ്കില്‍, തിന്മ നടമാടുന്ന സമൂഹത്തില്‍ ഒന്നും ചെയ്യാനില്ലാതെ മാറിനിന്നാല്‍ മതിയോ? നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താണിന്ന്? അഴിമതിയില്‍ അടിമുടി മുങ്ങിക്കുളിച്ച ഒരു രാജ്യം. മദ്യം എന്ന സാമൂഹ്യതിന്മ അതിന്റെ ഏറ്റവും വലിയ പത്തിവിടര്‍ത്തി ആടുന്ന സന്ദര്‍ഭം. അനീതി കൊണ്ട് മൂടപ്പെട്ട സംവിധാനങ്ങള്‍. പ്രവാചകന്മാരുടെ പാമ്പര്യമവകാശപ്പെടുന്ന മതനേതാക്കളും ആചാര്യന്മാരും മിണ്ടാതെ നില്‍ക്കണം എന്ന് പറയുന്നത് ഫറോവമാരുടെ പിന്‍തലമുറക്കാരായിരിക്കും. തീര്‍ച്ചയായും, അവരണിഞ്ഞിരിക്കുന്ന രാഷ്ട്രീയ-ദൈവിക പരിവേഷം, നീതിയും സത്യവും നടപ്പാക്കപ്പെട്ടാല്‍, അഴിച്ചുവെച്ച് സാധാരണക്കാരനായി ജീവിക്കേണ്ടിവരും. രാഷ്ട്രീയ മേലാളന്മാരുടെ ഈ മനസ്ഥിതിയുടെ പിന്നാമ്പുറം നമുക്ക് മനസ്സിലാക്കാം. പക്ഷേ, മതമൂല്യങ്ങളുടെ വക്താക്കളെന്ന് പറയുന്ന മതാധ്യക്ഷന്മാരുടെ, മതം രാഷ്ട്രീയത്തിലിടപെടുന്നതിനെ എതിര്‍ക്കുന്നതിന്റെ ലക്ഷ്യം കൂടി നാം മനസ്സിലാക്കണം. പണ്ട്, വേദക്കാര്‍ മുഹമ്മദ് നബി (സ) വന്നപ്പോള്‍ അസൂയയും പകയും പ്രദര്‍ശിപ്പിച്ച ആ നിലപാടിനോടാണ് ഇക്കാര്യത്തിന് സാദൃശ്യം - നിഷ്‌കളങ്കരായ എന്റെ സഹോദരങ്ങള്‍ രണ്ടുമൂന്നു ദിവസമായി ഈ ചാറ്റ്‌റൂമില്‍ വന്ന് ആത്മാര്‍ഥമായ ലക്ഷ്യം മാത്രമുള്ള സംഘത്തെ നുണപ്രചാരണങ്ങള്‍ കൊണ്ട് കരിവാരിത്തേക്കാന്‍ ശ്രമിക്കുകയുണ്ടായി. വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ശുഅറാഅ് എന്ന അധ്യായത്തിലൂടെ നാം യാത്രചെയ്ത് ആ കരിയെ കഴുകിക്കളഞ്ഞിരിക്കുകയാണ്.

ആരുടെയും കോട്ടിങ്ങുമായി എന്റെയടുത്ത് വരേണ്ടതില്ല. നിങ്ങള്‍ക്ക് ഖുര്‍ആനും ഹദീസും കൊണ്ട് വരാം. മതം രാഷ്ട്രീയത്തിലിടപെടരുതെന്ന അബദ്ധം മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും പറയുന്നുണ്ട്. എന്താണ് രാഷ്ട്രീയം? പൗരന്മാരുടെ അവകാശങ്ങളും ബാധ്യതകളും നിറവേറ്റപ്പെടേണ്ട രാഷ്ട്രം അഥവാ നാട് എന്ന സങ്കേതത്തെ ബാധിക്കുന്ന എന്തും രാഷ്ട്രീയമാണ്. അതില്‍ മതം -അഥവാ- മൂല്യങ്ങള്‍ ശക്തമായി ഇടപെടണം എന്നാണെന്റെ അഭിപ്രായം. നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാം. അഴിമതി നിരോധനത്തിന് ആവശ്യപ്പെട്ടിറങ്ങിയ സംഘത്തെ പരിഹസിച്ചവര്‍ക്ക് മുകളിലുള്ള ദൈവം നല്ലൊരു ദൃഷ്ടാന്തം കാട്ടിക്കൊടുക്കുകയുണ്ടായി. 1,76,000 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചുകൊണ്ട് യു.പി.എ. സര്‍ക്കാര്‍ ഭരിക്കുന്ന ഗവണ്മെന്റിന്റെ അഴിമതിയും പി.എസ്.സി എന്ന ഏറ്റവും മാന്യവും ഭദ്രവുമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഗവണ്മെന്റ് സ്ഥാപനത്തിന്റെ അധഃപതനവും പ്രവാചകന്മാര്‍ ജനതകളെ ഉദ്‌ബോധിപ്പിച്ചതുപോലെ നമുക്കും നമ്മുടെ സഹോദരങ്ങളായ ജനതയെ ഉദ്‌ബോധിപ്പിക്കാം. നിങ്ങള്‍ സത്യവും നീതിയും രാഷ്ട്രീയത്തില്‍, വ്യക്തിജീവിതത്തില്‍, കുടുംബജീവിതത്തില്‍ സ്ഥാപിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ തൂത്തുമാറ്റപ്പെടും. ചരിത്രം ആവര്‍ത്തിക്കും, തീര്‍ച്ച.

സര്‍വശക്തന്‍ നമ്മെ പ്രവാചകന്മാരുടെ പാത പിന്തുടരുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

വസ്സലാം,
സ്വന്തം ടീച്ചര്‍

7 comments:

 1. സമകാലിക സാഹചര്യത്തിനിണങ്ങിയ ഉല്‍ബോധനം ...
  അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കും,കുട്ടികള്‍ക്കും , അവശര്‍ക്കും വേണ്ടി നിങ്ങള്‍ പോരാടുന്നില്ലേ എന്ന ഖുര്‍ആന്‍ന്റെ ചോദ്യം ഇത്തരുണത്തില്‍ സ്മരണീയമാണ്!

  ടീച്ചറെ സര്‍വ്വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ !!

  ReplyDelete
 2. "സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല?" എന്ന ഖുര്‍ആന്റെ ചോദ്യം ഖുറാനില്‍ ഏതു സ്ഥലത്താ ഉള്ളത് എന്ന് നോക്കാന്‍ വേണ്ടി ഗൂഗിള്‍ ചെയ്തപ്പോള്‍ ആദ്യം കിട്ടിയത് ടീച്ചറുടെ തന്നെ ഒരു പഴയ പോസ്റ്റ്‌ !!

  http://sabiteacher.blogspot.com/2010/10/blog-post_11.html

  ReplyDelete
 3. സ്വന്തം സമൂഹത്തില്‍ നടമാടുന്ന കൊള്ളരുതായ്മയെ ചോദ്യം ചെയ്യാത്ത ഒരു പ്രവാചകനും കഴിഞ്ഞു പോയിട്ടില്ല. ഇപ്പൊ ആരെങ്കിലും അത് ചെയ്യാന്‍ തുനിഞ്ഞാല്‍ അവരെ വിമര്ഷിക്കുന്നതിനാണ് മത നേതാക്കള്‍ക്ക്‌ താല്‍പര്യം

  ReplyDelete
 4. മുന്നോട്ടു പോകുക
  പിന്തുണ നേരുന്നു
  സിദ്ധിക്ക് പറവൂര്‍

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. യഥാര്‍ത്ഥത്തില്‍ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനു എതിര് നില്കുന്നവരെല്ലാം മത രാഷ്ട്ര വാതികുളം ഭീകരവാതികളും. മതം വേറെ നില്കട്ടെ. ഭരണ ചക്രം ഞങ്ങള്‍ വേണ്ട പോലെ കറക്കികോളാം എന്ന നിലപാട്.
  നന്നായിട്ടുണ്ട് ടീച്ചര്‍. ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete