Sunday, December 12, 2010

ഇസ്‌ലാമില്‍ സ്ത്രീയുടെ സ്ഥാനം

എന്നോട് ഒരു സുഹൃത്ത് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ഒരു മെയില്‍ അയച്ചു. സ്വന്തം അനുഭവത്തില്‍നിന്നു മാത്രം മറുപടി പറയണമെന്നും പറഞ്ഞു. ഉത്തരം പറയുന്നതിനുമുമ്പ് ഒരു കാര്യം ഓര്‍മവന്നത് ഇവിടെ എഴുതട്ടെ. ഇഖ്‌വാന്‍ സ്ഥാപകനായ ഹസനുല്‍ബന്നയുടേതായി حديث الثلاثاء  (ചൊവ്വാഴ്ച ഭാഷണം) എന്ന ഒരു പുസ്തകമുണ്ട്. അദ്ദേഹം എല്ലാ ചൊവ്വാഴ്ചയും കെയ്‌റോയില്‍ അല്ലെങ്കില്‍ ഇസ്മാഈലിയ്യയില്‍ ഒരു ക്ലാസ്സെടുക്കുമായിരുന്നു. ശ്രോതാക്കളിലൊരാള്‍ അത് നോട്ടു കുറിച്ച് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചതാണ്. അതില്‍ അദ്ദേഹം ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയും മനുഷ്യന്റെ തലച്ചോര്‍ ഒരു ഖജനാവാണെന്നും ചോദ്യങ്ങള്‍ ആ ഖജനാവിന്റെ താക്കോലുകളാണെന്നും പറഞ്ഞതായും ഉണ്ട്.

നമുക്ക് ചോദ്യത്തിലേക്ക് കടക്കാം. 


സ്ത്രീ എന്ന നിലയ്ക്ക് ടീച്ചര്‍ക്ക് ഇസ്‌ലാം നല്‍കിയ സ്ഥാനത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണ്? തൃപ്തയാണോ?
വീട്ടില്‍ എല്ലാവര്‍ക്കും ഇസ്‌ലാമികബോധമുണ്ടെങ്കില്‍ അവിടത്തെ സ്ത്രീ സുരക്ഷിതയായിരിക്കും. ഞാന്‍ പറയുന്ന സുരക്ഷിതത്വം, അവള്‍ എല്ലാ കാര്യത്തിലും ദീനിയായി സുരക്ഷിതയായിരിക്കും എന്നാണ്. ചെറുപ്പകാലത്ത് എനിക്ക് ഇസ്‌ലാമിക വിദ്യാലയത്തില്‍ ചേര്‍ന്നതിനും വസ്ത്രധാരണം ഇസ്‌ലാമികമാക്കിയതിനും നല്ലപോലെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. 10 വയസ്സിനുമുമ്പ് എന്റെ സ്വന്തം നിര്‍ബന്ധത്തിലാണ്‌ ഞാന്‍ ഇസ്‌ലാമികസ്ഥാപനത്തില്‍ ചേര്‍ന്നത്. ഇസ്‌ലാം എനിക്ക് കൂടുതല്‍ സ്ഥാനവും കരുത്തും നല്‍കി എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. സ്ത്രീക്കു മാത്രമായി എന്തെങ്കിലും വിലക്കുകള്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള വിലക്കുണ്ടെങ്കില്‍, അതവളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണ്. വിവാഹത്തിനുമുമ്പ് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് -എന്റെ അനുഭവം തന്നെ- ചില്ലറ വിലക്കുകള്‍ വീട്ടുകാര്‍ വെക്കും. സൂക്ഷ്മനിരീക്ഷണത്തില്‍ എനിക്ക് മനസ്സിലായ ഒരു സത്യം, സ്ത്രീയുടെ സുരക്ഷിതത്വത്തേക്കാള്‍ അന്ന് വീട്ടുകാര്‍ക്കുണ്ടായിരുന്നത്‌, ജമാഅത്ത് പ്രവര്‍ത്തനങ്ങളോടുള്ള വിമുഖതയായിരുന്നു. എന്നാലും ഞാന്‍ ഇസ്‌ലാം അനുവദിച്ച സ്വാതന്ത്ര്യം ഇസ്‌ലാമിക പ്രബോധനത്തില്‍ ശരിക്കും ഉപയോഗിച്ചിട്ടുണ്ട്. അതാണാദ്യം ഞാന്‍ പറഞ്ഞത്; ഇസ്‌ലാം ആണ് എനിക്ക് കരുത്തുതന്നിട്ടുള്ളത്. 1977-ലൊക്കെ മക്കനയിട്ട് കല്യാണപ്പെണ്ണായി ഇരിക്കുക എന്നത് എന്റെ കുടുംബങ്ങളിലൊക്കെ അചിന്തനീയമായിരുന്നു. പക്ഷേ, എന്റെ കൈയില്‍ ഇസ്‌ലാമുണ്ടായിരുന്നതിനാല്‍ എല്ലാ എതിര്‍പ്പുകളെയും ഉറച്ചുനിന്ന് നേരിട്ട് വിജയം നേടി.

ഇസ്‌ലാമില്‍ പുരുഷമേധാവിത്വം ഉണ്ടോ?

മുസ്‌ലിംകളില്‍ അന്യായമായ മേധാവിത്വം ഉണ്ട്. പക്ഷേ, അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. സഹപ്രവര്‍ത്തകരൊക്കെ പുരുഷമേധാവിത്വം അനുഭവിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, എനിക്കിതുവരെ അതനുഭവപ്പെട്ടിട്ടില്ല. യഥാര്‍ഥ ഇസ്‌ലാമില്‍ സ്ത്രീ വളരെ സന്തോഷവതിയാണെന്നതാണ് സത്യം. ഭര്‍ത്താവിലും ഭാര്യയിലും ശരിയായ ഇസ്‌ലാമികബോധമുണ്ടെങ്കില്‍ യാതൊരു പ്രശ്‌നവുമില്ല.

പഠനം, ഇസ്‌ലാമിക പ്രവര്‍ത്തനം എന്നിവയ്ക്ക് അതൊരു തടസ്സമാണോ?

ഞാന്‍ ആകെ ഒരുവര്‍ഷമേ ആണ്‍കുട്ടികളുള്ള സ്ഥാപനത്തില്‍ പഠിച്ചിട്ടുള്ളൂ. അത് വിവാഹത്തിനുശേഷം 1978ല്‍ കോഴിക്കോട് ട്രെയിനിങ് സ്‌കൂളില്‍. അതിനാല്‍, പഠനത്തില്‍ അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. എനിക്ക് തോന്നുന്നത്, നാം ഏത് പ്രവൃത്തി ചെയ്യുമ്പോഴും നല്ലരീതിയില്‍ അത് ചെയ്താല്‍ ആര്‍ക്കും സ്ത്രീ എന്ന നിലയ്ക്ക് നമ്മെ കീഴ്‌പ്പെടുത്താനാവില്ല. ഏതൊരു സ്ത്രീയും സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നല്ല കരുത്ത് നേടിയവളായിരിക്കണം. വീട്ടിലായാലും അങ്ങനെതന്നെ. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതോടൊപ്പം മനോദാര്‍ഢ്യവും മികച്ച നിലയിലായിരിക്കണം. എന്ത് വിഷയത്തിലും നാം പുലര്‍ത്തുന്ന ആത്മാര്‍ഥതയാണ് അതിനെ വിജയത്തിലെത്തിക്കുന്നത്. ഒരു ചായ ഉണ്ടാക്കുന്നതു മുതല്‍ നാട് ഭരിക്കുന്നതുവരെയുള്ള ഏത് വിഷയത്തിലും ആത്മാര്‍ഥത ഉണ്ടെങ്കിലേ വിജയിക്കാനാവൂ.

ഇസ്‌ലാമിക പ്രബോധനം നടത്തുന്ന സ്ത്രീക്ക് പുരുഷന്‍ സഹായിയാണ്. ഖുര്‍ആന്‍ പറയുന്നു: 'വിശ്വാസികളും വിശ്വാസിനികളും പരസ്പരം മിത്രങ്ങളാണ്.' ഒരിക്കലും പുരുഷമേധാവിത്വം പ്രബോധനത്തിന് തടസ്സമാകേണ്ടതില്ല. പുരുഷനായാലും സ്തീക്കായാലും അവരുടെ ലക്ഷ്യം നന്മയുടെ പുനഃസ്ഥാപനമാണല്ലോ. അവിടെ മത്സരത്തിന് സ്ഥാനമില്ല. മറ്റൊരു കാര്യം, നാം ഏര്‍പ്പെട്ട ഒരു പ്രബോധന പ്രവര്‍ത്തനത്തില്‍, പുരുഷസഹായം ആവശ്യമുണ്ടെങ്കില്‍ മാത്രം അഭ്യര്‍ഥിക്കുക. പുരുഷസഹായം വേണ്ട എന്നും വെക്കരുത്.

ഏറ്റവും നല്ല രീതിയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള എന്തെങ്കിലും ചില ഉപദേശങ്ങള്‍ പറയാമോ?ഒന്നാമതായി, നമ്മുടെ ജീവിതമാണ് ഏറ്റവും വലിയ പ്രബോധനം. 100 ഖുര്‍ആന്‍ ക്ലാസ്സിനേക്കാള്‍ ഫലപ്രദമായിരിക്കും നമ്മുടെ സല്‍സ്വഭാവവും പെരുമാറ്റങ്ങളും. സ്ത്രീകള്‍ക്ക് ഇതില്‍ ഒരുപാട് ചെയ്യാനുണ്ട്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരുണ്ട്. പ്രശ്‌നങ്ങളുള്ളവരുണ്ട്. പലരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും ആളെ കിട്ടാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിശ്വസ്തതയോടെയും കാരുണ്യത്തോടെയും സത്യസന്ധമായും നാം ഒരാളുടെ പ്രശ്‌നം ഒന്ന് കേട്ടുനോക്കുക. നമ്മുടെ മുമ്പില്‍ അയാള്‍ അത് പറയുന്നതോടുകൂടിത്തന്നെ അയാള്‍ ഫ്രീ ആകും. എനിക്ക് തോന്നുന്നത്, സ്ത്രീകള്‍ സ്ത്രീകളുടെ തന്നെ ഉറ്റമിത്രങ്ങളാകുക. പരസ്പരം അത്താണികളാകുക. ഏറ്റവും വലിയ പ്രബോധനം അതാണ് - പ്രശ്‌നസങ്കീര്‍ണമായ ഒരു കുടുംബാന്തരീക്ഷത്തില്‍നിന്ന് വന്ന പെണ്‍കുട്ടി എങ്ങനെയാണ് ഹോസ്റ്റല്‍ജീവിതത്തില്‍ പ്രസന്നയായി പിടിച്ചുനില്‍ക്കുന്നത് എന്ന അന്വേഷണത്തില്‍, അവളുടെ ഹിന്ദുകൂട്ടുകാരിക്ക് ആത്മധൈര്യം ലഭിക്കുന്നത് മനസ്സിലാക്കി, ഖുര്‍ആന്‍ വിവര്‍ത്തനം വായിക്കാനാരംഭിച്ചതായി ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. നിശ്ശബ്ദ പ്രബോധകയാവുകയായിരുന്നു ആ മുസ്‌ലിം പെണ്‍കുട്ടി. ഇന്ത്യന്‍ സാഹചര്യത്തില്‍ പല പെണ്‍കുട്ടികളും ഇസ്‌ലാമിന്റെയും യഥാര്‍ഥ മുസ്‌ലിംകളുടെയും മേന്മ തിരിച്ചറിയുന്നവരാണ്. പക്ഷേ, സാഹചര്യങ്ങളുടെ ബന്ധനത്താല്‍ അവരങ്ങനെ കഴിഞ്ഞുപോകുകയാണ്. പ്രബോധിത സമൂഹവുമായി അടുക്കുകയും സന്ദര്‍ഭം കിട്ടുമ്പോള്‍ തുറന്ന് കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്യുക. മുസ്‌ലിംകള്‍ ആണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വര്‍ഗം ഈ ഭൂമിയില്‍. തെറ്റിദ്ധാരണ മാറ്റാനുള്ള, മാറാനുള്ള ജീവിതമായിരിക്കണം നമ്മുടേത്. കറകളഞ്ഞ ഏകദൈവവിശ്വാസികളും പരലോക വിശ്വാസികളും ആണ് എന്ന നമ്മുടെ മുദ്ര നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഈ ആദര്‍ശങ്ങള്‍ വഹിച്ചുകൊണ്ട് തികച്ചും അവര്‍ഗീയമായ രീതിയിലാണ് നാം നമ്മുടെ സഹോദരസമുദായങ്ങളുമായി ഇടപഴകേണ്ടത്. രണ്ടുവര്‍ഷം മുമ്പ്, യേശുവിന്റെ പിറന്നാള്‍ - ക്രിസ്മസ് - ആഘോഷവേളയില്‍ കത്തോലിക്കാസഭയിലേക്ക് അംറ്ഖാലിദ് ആരും ക്ഷണിക്കാതെ കയറിച്ചെല്ലുകയും അങ്ങനെ ഒരു ദിവസമുണ്ടെങ്കില്‍ നിങ്ങളോടൊപ്പം ഞങ്ങളും ആഹ്ലാദം പങ്കിടാനാഗ്രഹിക്കുന്നു എന്ന് പറയുകയുമുണ്ടായി. സമുദായാംഗങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ നമ്മുടെ വ്യതിരിക്തത നിലനിര്‍ത്തിക്കൊണ്ടുതന്നെ സഹോദരസമുദായങ്ങളോടടുക്കേണ്ടതുണ്ട്.

സ്ത്രീകളുടെ ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ കുടുംബത്തില്‍ ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ എന്തെല്ലാം? എങ്ങനെ മറികടക്കാം?
ഞാന്‍ തുറന്നെഴുതട്ടെ, വീട്ടിലെ മറ്റുള്ളവരുടെ മനോഭാവമാണ് വിഷയം. സ്ത്രീ ജോലിക്ക് പോകുന്നു (പോകാത്തവരും ഉണ്ട്), കല്യാണത്തിന് പോകുന്നു, മരണവീടുകളില്‍ പോകുന്നു, രോഗീസന്ദര്‍ശനത്തിന് പോകുന്നു. അപ്പോഴൊക്കെ വീട്ടിലുള്ളവര്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അപ്പോള്‍ ഇസ്‌ലാമിക പ്രബോധനത്തോട് ആഭിമുഖ്യമുള്ള ഒരു കുടുംബത്തില്‍ പുരുഷന് സ്ത്രീയുടെ അസാന്നിധ്യം വിഷയമുണ്ടാക്കുന്നില്ല. അതല്ലാത്തവര്‍ക്ക് അതൊരു വലിയ സംഭവമായിരിക്കും.

മറികടക്കാനുള്ള മാര്‍ഗം, കുടുംബത്തിന്റെ സമ്പൂര്‍ണ ഇസ്‌ലാമികവത്കരണമാണ്. അപ്പോള്‍ അവിടെ പുരുഷന്‍ അഡ്ജസ്റ്റ് ചെയ്യും. ചെയ്യണം എന്നാണ് എന്റെ ഉറച്ച അഭിപ്രായം. ചെയ്യുന്നില്ലെങ്കില്‍ സ്ത്രീ അത് വിലവെക്കരുത്. എന്തായാലും, സ്ത്രീ, ഇസ്‌ലാം നിശ്ചയിച്ച എല്ലാ പരിധികളും പാലിച്ചുകൊണ്ട്, കുടുംബം ബാലന്‍സ് ചെയ്തുകൊണ്ട് മാത്രം നടത്തുന്ന പ്രബോധന-സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാണ്. പുരുഷന്മാര്‍ക്ക് ഇടപെടാന്‍ പറ്റാത്ത പല മേഖലകളിലും സ്ത്രീകള്‍ക്ക് കടന്നുചെല്ലാനും അവിടെ ആശ്വാസമുണ്ടാക്കാനും കഴിയും. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് സ്ത്രീകളുണ്ട്. വിധവകള്‍, വൃദ്ധകള്‍, മാനസികരോഗികള്‍, അനാഥപ്പെണ്‍കുട്ടികള്‍ തുടങ്ങി പലരും. ഇവരെയൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു ജീവിക്കാന്‍ ഒരു യഥാര്‍ഥ മുസ്‌ലിംസ്ത്രീക്കാവില്ല. സദാസമയവും ഭര്‍ത്താവിനെ ശുശ്രൂഷിച്ച് നില്‍ക്കണമെന്നൊന്നും ഇസ്‌ലാം പറയുന്നില്ല. ഭര്‍ത്താവ് അതാവശ്യപ്പെടാനും പാടില്ല. തന്റെ ഭാര്യ മനുഷ്യവര്‍ഗത്തില്‍പ്പെട്ട ഒരു സാമൂഹികജീവിയാണെന്നും സമൂഹത്തിന് അവളുടെ ദയയും കാരുണ്യവും ലഭിക്കല്‍ തനിക്കും കൂടി ഒരു പുണ്യകര്‍മമാണെന്നും പുരുഷന്‍ മനസ്സിലാക്കണം.

പിന്നെ, സ്ത്രീയുടെ പ്രായവും സാഹചര്യങ്ങളും ഒക്കെ കൃത്യമായി പരിഗണിക്കപ്പെടുമെന്നും അതാവശ്യമാണെന്നും ഉറച്ചുവിശ്വസിക്കുന്ന ആളാണ് ഞാന്‍. 'അല്ലെങ്കില്‍ ഉരിനെല്ല് ഊരാന്‍ പോയപ്പോള്‍ നാഴിനെല്ല് കോഴി തിന്നു' എന്ന ചൊല്ലായിപ്പോകും. കുടുംബജീവിതം. സാധ്യതയുള്ളവര്‍ സാധ്യതകള്‍ പൂര്‍ണമായും കണ്ടെത്തി സഞ്ചരിക്കുക. എല്ലാവര്‍ക്കും ഒരേ മാനദണ്ഡം ശരിയാകില്ല. 'തെങ്ങിനും അടയ്ക്കാമരത്തിനും ഒരേ തളപ്പ് പറ്റില്ല' - എന്നുപറഞ്ഞപോലെ. കുടുംബം 100 ശതമാനം ബാലന്‍സ് ചെയ്യാത്ത ഇസ്‌ലാമികപ്രബോധനം അപകടമായിരിക്കും വരുത്തുക.

ചിലരുടെ തര്‍ബിയത്ത് വിഷയങ്ങളില്‍ സ്ത്രീകള്‍ ഇടപെടുമ്പോള്‍ സ്ത്രീ നല്ല ടെന്‍ഷന്‍ അനുഭവിക്കും (എന്റെ സ്വന്തം അനുഭവമാണ്). ഒരു തിന്മയില്‍ നിന്നൊരാളെ കരകയറ്റണം. സ്വാഭാവികമായും ആ വിഷയങ്ങള്‍ അതീവരഹസ്യങ്ങളുമായിരിക്കും. നമ്മള്‍ ആ വിഷയങ്ങളെ ചിന്തിക്കുമ്പോള്‍, കുടുംബാംഗങ്ങള്‍ മുഖഭാവത്തില്‍നിന്ന് അത് തിരിച്ചറിയും. അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ എടുക്കാറുള്ള ചില അടവുകളുണ്ട്. ചിലപ്പോള്‍ ക്ഷീണം എന്നുപറഞ്ഞ് കിടക്കും. അല്ലെങ്കില്‍, എന്റെ ചില ആത്മമിത്രങ്ങളോട് വിഷയം പറയും. സ്ത്രീയാണ് വാസ്തവത്തില്‍ കുടുംബത്തിന്റെ നെടുംതൂണ്‍. നെടുംതൂണ്‍ ഇളകിയാല്‍ പ്രശ്‌നമാണ്. അതിനാല്‍ അധിക പ്രശ്‌നങ്ങളും വീട്ടിലറിയിക്കാതെ മറികടക്കും. അത്തരം വിഷയങ്ങളില്‍ നമ്മളല്ലല്ലോ ഫോക്കസ്. മറിച്ച്, വിട്ടുകാര്‍ അറിയാത്ത സ്‌കൂള്‍കുട്ടികള്‍ അല്ലെങ്കില്‍ മറ്റു സ്ത്രീകളൊക്കെയായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരും ആയിരിക്കും. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും എല്ലാ സ്വഭാവക്കാര്‍ക്കും ഇങ്ങനെ നീങ്ങാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരിക്കല്‍, ഒരു സ്ത്രീ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു. എനിക്കിപ്പോള്‍ ടീച്ചറെ കാണണം. അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും കടുംകൈ ചെയ്തുപോകും. സ്‌കൂളിലായിരുന്നു ഞാന്‍. സ്‌കൂളിലേക്ക് വന്നുകൊള്ളാന്‍ പറഞ്ഞു. രണ്ടു പീരീഡ് മുഴുവന്‍ അവളുടെ വിഷമങ്ങള്‍ കേട്ടു. ഞാന്‍ വളരെ കുറച്ചേ സംസാരിച്ചുള്ളൂ. പക്ഷേ, സന്തോഷവതിയായി കെട്ടിപ്പിടിച്ച് സന്തോഷപൂര്‍വം അവള്‍ തിരിച്ചുപോയി. പിന്നീടിതുവരെ അവള്‍ കുടുംബവഴക്ക് പറഞ്ഞ് എന്റെയടുത്ത് വന്നിട്ടില്ല. ഇത് അവള്‍ ആരോട് പറയുമായിരുന്നു. വിശ്വസിക്കാന്‍ പറ്റിയ മുതിര്‍ന്ന ഒരു സ്ത്രീയോടല്ലാതെ ആരോടും പറയാനില്ല. അതെ, നാം ഓരോരുത്തരും സ്വയം തിരിച്ചറിഞ്ഞ് സന്ദര്‍ഭത്തിനൊത്തുയരുക.

7 comments:

  1. സ്ത്രീകള്‍ പിന്നാക്കാവസ്ഥ അനുഭവിക്കുന്നു എന്നതും സമൂഹത്തില്‍ പുരുഷ മേധാവിത്തം ഉണ്ട് എന്നതും അനിഷേധ്യ വസ്തുതകലാവുന്നു. പക്ഷെ ഇത് മുസ്ലിം സമുദായത്തില്‍ മാത്രം പരിമിതമല്ല. അങ്ങനെ കാണാനാണ് പലര്‍ക്കും താല്പര്യമെങ്കിലും.

    പക്ഷെ സ്ത്രീക്ക് ഇസ്ലാം യദാര്‍ത്ഥത്തില്‍ കൊടുത്തിട്ടുള്ള അത്ര സ്വാതന്ത്ര്യവും അവകാശങ്ങളും വകവെച്ചു കൊടുക്കാന്‍ ജമാഅത്ത് അടക്കമുള്ള സംഘടനകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.

    ReplyDelete
  2. താങ്കളുടെ നിരീക്ഷണം എറെ ശരിയാണു

    ReplyDelete
  3. ഇസ്‌ലാമില്‍ പുരുഷമേധാവിത്വം ഉണ്ടോ?
    മുസ്‌ലിംകളില്‍ അന്യായമായ മേധാവിത്വം ഉണ്ട്.


    :( ഈ നിരീക്ഷണത്തോട്‌ യോജിക്കുന്നില്ല .

    അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ എടുക്കാറുള്ള ചില അടവുകളുണ്ട്. ചിലപ്പോള്‍ ക്ഷീണം എന്നുപറഞ്ഞ് കിടക്കും. അല്ലെങ്കില്‍, എന്റെ ചില ആത്മമിത്രങ്ങളോട് വിഷയം പറയും.

    Good idea..!!!!!!!! man liya ji

    ReplyDelete
  4. ഓരോ നിഴലും തണലാണ്, സ്വന്തമൊഴികെ.. പോയകാലത്തിലൊക്കെയും നിഴല്‍ പറ്റി, തണലില്‍ തേടി നടന്നു...... ഒരു തണലായി നില്‍ക്കാന്‍.... ഇനിയെങ്കിലും..!!

    ReplyDelete
  5. താങ്ക്സ് സിസ്റ്റര്‍

    ReplyDelete
  6. നല്ലൊരു സന്ദേശം.... jazak allah khair

    ReplyDelete