Sunday, October 31, 2010

യുവത - സമൂഹത്തിന്റെ സമ്പത്ത്‌

യുവത! ഏതൊരു പ്രസ്ഥാനത്തിന്റെയും സമ്പത്താണത്. ഇസ്‌ലാമിക പ്രസ്ഥാനവും ഈ സമ്പത്തുകൊണ്ട് അനുഗ്രഹീതമാണ്. ഇസ്‌ലാമികപ്രസ്ഥാനത്തെ യുവാക്കള്‍ ശരിക്ക് പഠിക്കേണ്ടതുണ്ട്. സദാചാര മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്ന നാം ഒരുപാട് ഉയര്‍ന്നുനില്‍ക്കേണ്ടതുണ്ട്. തീര്‍ച്ചയായും പ്രസ്ഥാനത്തിലെ യുവാക്കള്‍ക്ക് അതിനു കഴിയും; കഴിയണം. എല്ലാത്തിലും മുകളിലായി നിങ്ങള്‍ അല്ലാഹുവിനെയാണ് കണക്കിലെടുക്കേണ്ടത്. അതായത്, നിങ്ങള്‍ ഓരോ പ്രവര്‍ത്തനത്തിലും ഇത് ദൈവപ്രീതി ലഭിക്കുന്നതാണോ എന്ന് പരിശോധിക്കണം. മനസ്സില്‍ എന്തെങ്കിലും 'ചൊറിച്ചില്‍' അനുഭവിക്കുന്നുണ്ടെങ്കില്‍ ആ പ്രവര്‍ത്തനം ഉപേക്ഷിക്കുക. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി സ്വീകരിക്കേണ്ടത് പ്രവാചകനെയാണ്. നബി (സ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ പ്രവര്‍ത്തനം ഇഷ്ടപ്പെടുമോ എന്ന് ഇടക്കിടയ്ക്ക് പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ ഒത്തുനോക്കണം. നബി(സ)യുടെ ജീവിതചരിത്രം ശരിക്ക് നാം പഠിക്കേണ്ടതുണ്ട്. ഓരോ സമയത്തും, ഓരോ കാര്യങ്ങളിലും മുത്തുനബി (സ) എടുത്ത തീരുമാനങ്ങള്‍, പെരുമാറ്റ രീതികള്‍ ഒക്കെ വായിച്ചു പഠിച്ച് നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തണം.

നിങ്ങള്‍ക്ക് റബ്ബിന്റെ ദീനറിയാവുന്ന ആത്മമിത്രങ്ങള്‍ ഉണ്ടാകണം. ഏത് പ്രതിസന്ധിയിലും അത്താണിയും താങ്ങും ആകാന്‍ പറ്റുന്ന വിശ്വസ്തരായ കൂട്ടുകാര്‍ ഉണ്ടാവണം. ഞാന്‍ കരുതുന്നത്, നിങ്ങള്‍ (ആണായാലും പെണ്ണായാലും) ഉമ്മയെ ഉറ്റസുഹൃത്താക്കുക. ഉമ്മാക്ക് നിങ്ങളുടെ പ്രതിസന്ധികളില്‍ കൈത്താങ്ങാവാന്‍ കഴിയും. ഇനി കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ മുതിര്‍ന്ന ദീനീസുഹൃത്തുക്കളെ, അധ്യാപികമാരെ, അധ്യാപകരെ ഉമ്മാടെ സ്ഥാനത്ത് കണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടേണ്ടതാണ്. ഞാന്‍ മനസ്സിലാക്കുന്നത്; (പല കൗണ്‍സലിങ്ങുകളിലും) എല്ലാ മനുഷ്യരിലും ഒരു നാലുവയസ്സുള്ള കുട്ടികൂടിയിരിക്കുന്നുണ്ട്. മാതാവിന്റെ സ്‌നേഹം നല്‍കാന്‍ പക്വതയുള്ള ഒരു സ്ത്രീക്ക് കഴിയും. ദീര്‍ഘമായ മാസങ്ങളുടെ കൗണ്‍സലിംഗ് കഴിഞ്ഞപ്പോള്‍ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥി എന്നോട് പറയുകയുണ്ടായി: 'നിങ്ങളെ ഞാന്‍ കണ്ടിരുന്നില്ലായിരുന്നെങ്കില്‍, ഒന്നുകില്‍ ഞാനൊരു വേശ്യയുടെ അടുത്ത്, അല്ലെങ്കില്‍ ഒരു കന്യാസ്ത്രീ അമ്മയുടെ അടുത്ത് എത്തിപ്പെടുമായിരുന്നു' എന്ന്.

പാദം ഇടറാന്‍ ഏറെ സാധ്യതയുള്ള യുവത്വം. അത് നിങ്ങള്‍ കൊണ്ടുനടക്കേണ്ടത്, (ഒരു മഹാന്‍ പറഞ്ഞപോലെ) പുതിയ ഒരു വാഹനത്തെ സൂക്ഷിക്കും പോലെയാവണം. തട്ടും മുട്ടും ഇല്ലാതെ, പോറലുകളില്ലാതെ കൊണ്ടുനടക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. പുതിയ വണ്ടി ഒന്ന് എവിടെയെങ്കിലും ഉരസിയാല്‍ നിങ്ങള്‍ എത്രമാത്രം ടെന്‍ഷനടിക്കുമോ അതുപോലെ യുവത്വത്തിന്റെ പോറലുകളെ നിങ്ങള്‍ കണക്കിലെടുത്താല്‍ നിങ്ങള്‍ വിജയിച്ചു. നിങ്ങള്‍ക്ക് ആയിരക്കണക്കിന് യുവാക്കള്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കും. ഇപ്പോള്‍ മനസ്സിലായിക്കാണും, നിങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ അവശ്യഘടകമാണെന്ന്.

അവസാനമായി, ''ദൈവികാടിമത്വത്തില്‍ യുവത്വം കഴിച്ചുകൂട്ടിയവനെ' നബി (സ) ഉന്നതന്മാരിലാണ് എണ്ണിയിരിക്കുന്നത്. യാതൊരു തണലും ഇല്ലാത്ത അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പ്രത്യേക തണല്‍ ലഭിക്കുന്നവരില്‍ നിങ്ങള്‍ക്കും സ്ഥാനമുണ്ട്. ഓര്‍ക്കുക, ഐഹിക ജീവിതം പരലോകത്തിന്റെ കൃഷിയിടമാണ്. നല്ല വിത്തിറക്കി, അധ്വാനിച്ച്, നൂറുമേനി കൊയ്യാന്‍ കഴിയുന്നവരില്‍ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

3 comments:

  1. താങ്കള്‍ പറഞ്ഞത് സത്യമാണ്

    സ്വര്‍ഗത്തിന്റെ തണല്‍ കിട്ടുന്ന ഏഴു വിഭാഗങ്ങളില്‍ പെട്ടതാണല്ലോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്ന യുവത്വം ..അല്ലെ തണല്‍ .

    very nice article and inspirative for younger generations both for girls and gents

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ആണിനു കിട്ടുന്ന എല്ലാം സ്ത്രീക്കും അവകാശപ്പെട്ടതാണ് .പക്ഷെ ഒരു കുടുംബം ആകുമ്പോള്‍ അല്ലെങ്കില്‍ ആയികഴിഞ്ഞാല്‍ അവിടെ സ്ത്രീ പുരുഷനെ അനുസരിക്കണം. അത് ഒരു താഴ്ത്തികെട്ടലല്ല മറച്ച് ആ കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിനാണ്

    ReplyDelete